ഇനി എല്ലാ സൈനികരും ഡ്രോൺ ഉപയോഗിക്കുന്നവരാകും; പരിശീലനവുമായി ഇന്ത്യൻ സൈന്യം | Army scales up drone warfare training for future-ready force | India
Last Updated:
ഇന്‍ഫന്‍ട്രി ബറ്റാലിയനുകളില്‍ ഡ്രോണ്‍ പരിശീലനമാണ് നല്‍കുന്നത്
ഭാവിയിലേക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ പരശീലനം വ്യാപിപ്പിച്ചു. ആളില്ലാതെ പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങള്‍ ഓരോ സൈനികന്റെയും ആയുധപ്പുരയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സൈന്യത്തിന്റെ മുഴുവന്‍ യൂണിറ്റുകളിലും ഡ്രോണുകളും കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങളും ഉപയോഗിച്ചുള്ള പരിശീലനം വേഗത്തില്‍ നടത്തി വരികയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഈഗിള്‍ ഇന്‍ ദ ആം(Eagle in the arm) എന്ന ആശയമാണ് ഈ മാറ്റത്തിന്റെ അന്തഃസത്ത. നിരീക്ഷണം, യുദ്ധം, ലോജിസ്റ്റിക്‌സ്, അല്ലെങ്കില്‍ ചികിത്സയുടെ ഭാഗമായുള്ള ഒഴിപ്പിക്കല്‍ എന്നിങ്ങനെയുള്ള ദൗത്യത്തിനായി പ്രത്യേകമായി ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓരോ സൈനികനെയും സജ്ജമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
”ഓരോ സൈനികനും ഒരു ആയുധം വഹിക്കുന്നത് പോലെ ഓരോ സൈനികനും ഒരു ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയണം,” ഒരു മുതിര്‍ന്ന കരസേന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആധുനികവും സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ ഒരു സേനയിലേക്കുള്ള നിര്‍ണായകമായ ചുവടുവയ്പ്പാണിത്.
ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് സൈന്യം അതിന്റെ എല്ലാ വിഭാഗങ്ങളിലും ഡ്രോണുകളും കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങളും വേഗത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇന്‍ഫന്‍ട്രി ബറ്റാലിയനുകളില്‍ ഡ്രോണ്‍ പരിശീലനമാണ് നല്‍കുന്നത്. അതേസമയം, ആര്‍ട്ടിലറി റെജിമെന്റുകള്‍ക്ക് കൗണ്ടര്‍ ഡ്രോണ്‍ ഉപകരണങ്ങളും ലോയിറ്റര്‍ ഡ്രോണുകള്‍(Suicide Drone) നല്‍കും. കൂടാതെ, യുദ്ധക്കളത്തില്‍ കൃത്യതയോടെ തിരിച്ചടിക്കുന്നതിനും അതിജീവനും വര്‍ധിപ്പിക്കുന്നതിനായി സംയോജിത ദിവ്യാസ്ത്ര ബാറ്ററികളും നല്‍കിയിട്ടുണ്ട്.
അരുണാചല്‍ പ്രദേശില്‍ അടുത്തിടെ പ്രവര്‍ത്തനക്ഷമമായ ഡ്രോണ്‍ പരിശീലന, വിന്യാസ കേന്ദ്രം വ്യാഴാഴ്ച കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിച്ചിരുന്നു. ആളില്ലാ സംവിധാനങ്ങളെ നേരിട്ട് മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ സംയോജിപ്പിക്കുന്നതിന് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഈ സന്ദർശനം അടിവരയിടുന്നു.
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, മോവിലെ ഇന്‍ഫന്‍ട്രി സ്‌കൂള്‍, ചെന്നൈയിലെ ഓഫീസേവ്‌സ് ട്രെയിനിംഗ് അക്കാദമി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പരിശീലന അക്കാദമികളില്‍ ഡ്രോണ്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വലിയ മാറ്റമാണ് ലക്ഷ്യമിടുന്നത്. യുദ്ധക്കളത്തില്‍ ഒരു പ്രധാന ഉപകരണമായി ഡ്രോണുകളെ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും പരിശീലനം നല്‍കുന്ന കോഴ്‌സുകള്‍ ഈ കേന്ദ്രങ്ങളില്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 26ന് ദ്രാസില്‍ നടന്ന 26ാമത് കാര്‍ഗില്‍ വിജയ് ദിവസ് ചടങ്ങിലാണ് കരസേനാ മേധാവി ആദ്യമായി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. കേന്ദ്രങ്ങളില്‍ ആയുധങ്ങളിലും സേവനങ്ങളിലും ഡ്രോണ്‍, കൗണ്ടര്‍ ഡ്രോണ്‍ എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇരട്ട തന്ത്രത്തെയാണ് സൈന്യത്തിന്റെ ഈ നീക്കം വ്യക്തമാക്കുന്നത്. ആക്രമണം നടത്തുന്ന ഡ്രോണുകളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം ശത്രുക്കളുടെ യുഎവികള്‍ക്കെതിരേ(Unmanned aerial vehicle)പ്രതിരോധം വിന്യസിക്കുക എന്നതാണത്. കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ അതീവ ശ്രദ്ധ ആവശ്യമുള്ള ആസ്തികളിലും ഘടനകളിലും ഒരു സംരക്ഷണ വലയം തീർക്കും. ആളില്ലാ സംവിധാനങ്ങള്‍ ഭാഗമാക്കുന്നത് ഇനി ഒരു സാങ്കേതികപരമായ കൂട്ടിച്ചേര്‍ക്കലായി കാണുന്നില്ലെന്നും മറിച്ച് ഭാവിയിലേക്ക് പോരാട്ടത്തിലെ ഒരു പ്രധാന ഘടകമായി കാണുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
September 19, 2025 12:00 PM IST
