Leading News Portal in Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ആരംഭിച്ച ‘സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍’ | Swasth Nari Sashakt Parivar Abhiyaan all about SNSPA program launched by PM | India-China


മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, അവബോധം, പങ്കാളിത്തം എന്നിവയിലൂടെ സ്ത്രീകളെയും കുടുംബങ്ങളെയും ശാക്തീകരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.

എസ്എന്‍എസ്‍പിഎയെക്കുറിച്ച് കൂടുതലറിയാം

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വനിതാ ശിശു വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പെയിനുകള്‍ നടത്താനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് പിഐബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, രോഗനിര്‍ണയ പരിശോധനകള്‍ എന്നിവ ക്യാമ്പെയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.

എസ്എന്‍എസ്‍പിഎയുടെ സവിശേഷതകള്‍

മാതൃ, ശിശു സംരക്ഷണം പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ പദ്ധതിക്കുകീഴില്‍ ലഭിക്കും.

* സമഗ്ര സ്‌ക്രീനിംഗ്: സ്ത്രീകളിലെ വിളര്‍ച്ച, രക്തസമ്മര്‍ദ്ദം, പ്രമേഹം, ക്ഷയം, അരിവാള്‍ കോശ രോഗം, സ്താനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ക്യാമ്പെയിനിന്റെ ഭാഗമായി നടത്തും.

* മാതൃ-ശിശു സംരക്ഷണം: പോഷകാഹാരം ഉറപ്പാക്കുന്നതിനും മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനുമായി പ്രസവ പരിശോധനകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍, മാതൃ-ശിശു സംരക്ഷണ (എംസിപി) കാര്‍ഡുകളുടെ വിതരണം എന്നിവ പോഷന്‍2.0യുമായി സംയോജിപ്പിച്ച് നടത്തും.

* നിരീക്ഷണം: പദ്ധതി നടത്തിപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടത്തിപ്പിനും ഡിജിറ്റല്‍ സശക്ത് പോര്‍ട്ടല്‍ വഴി ആരോഗ്യ ക്യാമ്പുകള്‍ ട്രാക്ക് ചെയ്യും.

* പങ്കാളിത്തം: ക്ഷയരോഗ നിര്‍മാര്‍ജനത്തിനും സമൂഹത്തിന്റെ താഴെത്തട്ടില്‍  ആരോഗ്യ അവബോധം വളര്‍ത്തുന്നതിനും പിന്തുണ നല്‍കുന്നതിനായി വളണ്ടിയര്‍മാരെയും നിക്ഷയ് മിത്രങ്ങളെയും അണിനിരത്തും.

* ബിഹേവിയര്‍ ചേഞ്ച് ക്യാമ്പെയിനുകള്‍: ആര്‍ത്തവ ശുചിത്വം, സന്തുലിത പോഷകാഹാരം, പ്രതിരോധ പരിചരണം എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

എസ്എന്‍എസ്‍പിഎയുടെ ലക്ഷ്യങ്ങള്‍

സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ട് സമഗ്രമായ ആരോഗ്യ പരിശോധനകളും സേവനങ്ങളും ലഭ്യമാക്കാനാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ ക്യാമ്പുകളിലൂടെയും അനുബന്ധ സംരംഭങ്ങളിലൂടെയും വിവിധ പരിശോധനകളിലൂടെയും ഇവ ലഭ്യമാക്കും.

ചര്‍മ്മസംബന്ധമായ ആശങ്കകള്‍, രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, പ്രത്യുല്‍പാദന ആരോഗ്യ പ്രശ്‌നങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, പ്രമേഹം, ക്ഷയം, അരിവാള്‍ കോശ രോഗം എന്നിവയ്ക്കുള്ള പരിശോധനകളും ക്യാമ്പെയിനിന്റെ ഭാഗമായി നടത്തും.

ദേശീയ ആരോഗ്യ സര്‍വേകളില്‍ കണ്ടെത്തിയ വിടവുകള്‍ പരിഹരിക്കുന്നതിനും നഗര-ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൃത്യമായ രോഗനിര്‍ണയവും തുടര്‍പരിചരണവും ഉറപ്പാക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ പ്രദേശത്തെ ജില്ലാ ആശുപത്രികള്‍ വഴി സ്‌പെഷ്യലിസ്റ്റുകള്‍, ഗൈനക്കോളജിസ്റ്റുകള്‍, സര്‍ജന്മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ പിന്തുണ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ജീവിതശൈലിയും വിട്ടുമാറാത്ത രോഗങ്ങളും നേരത്തേ കണ്ടെത്തുന്നതിനും പിന്നോക്ക, ആദിവാസി മേഖലകളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതിനും ഈ പരിപാടി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ക്ഷയരോഗ നിര്‍മാര്‍ജന ശ്രമങ്ങളെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സംരംഭങ്ങളെയും പിന്തുണയ്ക്കുന്ന നിക്ഷയ് മിത്രങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരിലൂടെയും ഇത് പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് രക്തദാന ക്യാമ്പുകള്‍ക്കായി സന്നദ്ധ സംഘടനകളുമായും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായും സഹകരണം വര്‍ദ്ധിപ്പിക്കും.

സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മറ്റ് പദ്ധതികള്‍

എസ്എന്‍എസ്‍പിഎ കൂടാതെ ജനനി ശിശു സുരക്ഷാ കാര്യക്രം (ജെഎസ്എസ്‌കെ), ജനനി സുരക്ഷാ യോജന (ജെഎസ്‍വൈ), മിഷന്‍ ഇന്ദ്രധനുഷ് എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണിവയെല്ലാം.