Leading News Portal in Kerala

ഉത്തര്‍പ്രദേശില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനറുമായി പ്രതിഷേധത്തിനിറങ്ങിയവര്‍ പോലീസുമായി ഏറ്റുമുട്ടി | Protestors with I Love Muhammad posters clashed with the police in Uttar Pradesh | India


വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ മതപുരോഹിതന്റെ വസതിക്ക് പുറത്തും പള്ളിക്കു സമീപവും വലിയ ഒരു ജനക്കൂട്ടം തടിച്ചുകൂടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രതിഷേധം നടത്താന്‍ പ്രാദേശിക അധികാരികള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ രോഷം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.

സ്ഥിതി വഷളായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഈ മാസമാദ്യമാണ് ഉത്തര്‍പ്രദേശില്‍ ഐ ലവ് മുഹമ്മദ് ബാനറുകളുമേന്തിയുള്ള പ്രകടനങ്ങള്‍ ആരംഭിച്ചത്. ലഖ്‌നൗ, ബറേലി, കൗശാമ്പി, ഉന്നാവ്, കാശിപൂര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങളുടെ ഏറ്റവും പുതിയ സംഭവമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രൊവിഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയെയും അര്‍ധസൈനിക വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ബറേലിയിലെ സംഘര്‍ഷത്തിന് പിന്നാലെ മൗ പട്ടണത്തിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകള്‍ വഹിച്ചുകൊണ്ട് ഒരു സംഘം മാര്‍ച്ച് നടത്തി. മൊഹമ്മദാബാദ് ഗൊഹാന പോലീസ് സര്‍ക്കിളിലെ മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി.

വാരാണാസി പോലീസ് വെള്ളിയാഴ്ച വൈകുന്നേരം ഫ്‌ളാഗ് മാര്‍ച്ചുകള്‍ നടത്തി. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനും കിംവദന്തികളില്‍ വിശ്വസിക്കാതിരിക്കാനും നാട്ടുകാരോടും വിനോദസഞ്ചാരികളോടും അഭ്യര്‍ത്ഥിച്ചു.

ബറേലിയില്‍ സംഭവിച്ചതെന്ത്?

‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദത്തില്‍ വെള്ളിയാഴ്ച ഇസ്ലാമിയ ഗ്രൗണ്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മതപുരോഹിതനായ മൗലാന തൗഖീര്‍ റാസ പ്രഖ്യാപിച്ചിരുന്നു. ഷാജഹാന്‍പുര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാചകനെതിരേ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടക്കുന്നുണ്ട് എന്നാരോപിച്ചാണ് കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായി പ്രദേശത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബറേലി അധികൃതര്‍ ഒരു ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ജില്ലാ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അനുമതിയില്ലാതെയുള്ള പ്രതിഷേധ സമരങ്ങള്‍ നിരോധിക്കുകയും ചെയ്തു.

എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ചിലര്‍ തെരുവിലിറങ്ങി സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതായി ജില്ലാ കളക്ടര്‍ ആരോപിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റുമാരും പോലീസും സ്ഥലത്ത് കര്‍ശന നടപടി സ്വീകരിച്ചു. ആളുകളെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചു. ഈ സംഭവം ആസൂത്രിതമാണെന്ന് തോന്നുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

എന്താണ് ‘ഐ ലവ് മുഹമ്മദ്’ വിവാദം

സെപ്റ്റംബര്‍ നാലിന് കാണ്‍പൂരിലെ റാവത്പുരില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഘോഷയാത്രയിലാണ് ‘ഐ ലവ് മുഹമ്മദ്’ എന്ന മുദ്രാവാക്യം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിം സംഘടനകള്‍ ഇതേ ബാനറുമായി പ്രതിഷേധങ്ങളും തെരുവ് ഘോഷയാത്രകളും സംഘടിപ്പിച്ചു.

ബറാവാഫത്തില്‍ ഒരു സംഘം ‘ഐ ലവ് മുഹമ്മദ്’ ബാനറേന്തി പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ഇത് പ്രാദേശിക ഹിന്ദു സംഘടനകളില്‍ എതിര്‍പ്പിന് കാരണമായി. മതപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ചരിത്രപരമായ ഒരു ഇടത്ത് ‘പുതിയ പാരമ്പര്യം’ ആരംഭിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംഘര്‍ഷം കുറയ്ക്കാന്‍ പോലീസും ഉടനടി നടപടി സ്വീകരിച്ചു. “ഐ ലവ് മുഹമ്മദ് പ്രതിഷേധത്തിന്റെ ഉദ്ദേശം എല്ലാവര്‍ക്കുമറിയാം. ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധത്തിനെതിരേ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരം പ്രതിഷേധങ്ങള്‍ അങ്ങേയറ്റം ആശങ്കജനിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കൂടാതെ ചില ആളുകള്‍ സമാധാനം തകര്‍ക്കാന്‍ മനഃപൂര്‍വ്വമായ ഗൂഢാലോചന നടത്തുകയാണ്,” യുപി മന്ത്രി ജയ് വീര്‍ സിംഗ് പറഞ്ഞു.