‘ഐ ലവ് മുഹമ്മദ്’ റാലി സംഘർഷം; യുപി പുരോഹിതൻ കസ്റ്റഡിയിൽ UP Cleric Linked To Bareilly in custody I Love Muhammad rally clashes | India
Last Updated:
ഈ മാസമാദ്യമാണ് ഉത്തര്‍പ്രദേശില്‍ ഐ ലവ് മുഹമ്മദ് ബാനറുകളുമേന്തിയുള്ള പ്രകടനങ്ങള്‍ ആരംഭിച്ചത്
വെള്ളിയാഴ്ച ഉത്തർ പ്രദേശിലെ ബറേലിയിൽ നടന്ന ‘ഐ ലവ് മുഹമ്മദ്’ റാലിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പുരോഹിതനും ഇത്തിഹാദ് -ഇ-മില്ലത്ത് കൗൺസിൽ മേധാവിയുമായ തൗഖീർ റാസ ഖാനെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
‘ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് നഗരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പ്രകടനം മാറ്റിവച്ചുകൊണ്ട് റാസ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് പള്ളിക്ക് പുറത്ത് ജനക്കൂട്ടവും പോലീസും തമ്മിൽ സംഘർഷമുണ്ടായി.സംഘർഷത്തെ തുടർന്ന് ഇരുപതിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴ് എഫ്ഐആറുകളിൽ മൗലാന തൗഖീർ റാസയുടെ പേര് പുറത്തുവന്നിട്ടുണ്ടെന്നും അത് അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും ബറേലി എസ്എസ്പി അനുരാഗ് ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം കോട്വാലി പ്രദേശത്തെ പുരോഹിതന്റെ വസതിക്ക് പുറത്തും പള്ളിക്കടുത്തും ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി പോലീസ് പറഞ്ഞു.സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കാനായിരുന്നു മതപുരോഹിതന്റെ വസതിക്ക് പുറത്തും പള്ളിക്കു സമീപവും ജനക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധം നടത്താന്‍ പ്രാദേശിക അധികാരികള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ രോഷം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.സ്ഥിതി വഷളായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഈ മാസമാദ്യമാണ് ഉത്തര്‍പ്രദേശില്‍ ഐ ലവ് മുഹമ്മദ് ബാനറുകളുമേന്തിയുള്ള പ്രകടനങ്ങള്‍ ആരംഭിച്ചത്. ലഖ്നൗ, ബറേലി, കൗശാമ്പി, ഉന്നാവ്, കാശിപൂര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങളുടെ ഏറ്റവും പുതിയ സംഭവമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അധികൃതർ അനുമതി നൽകാത്തതിനെത്തുടർന്ന് പ്രകടനം അവസാനിപ്പിക്കുന്നതായി അവസാന നിമിഷമാണ് തൗഖീർ റാസ ഖാൻ പ്രഖ്യാപിച്ചത്. എന്ത് വില കൊടുത്തും പ്രകടനം മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്.രണ്ട് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയത്തിൽ സജീവമായ തൗഖീർ റാസ ഖാന് ബറേലിയിലും സമീപ ജില്ലകളിലും വലിയ സ്വാധീനമുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ സുന്നി ഇസ്ലാമിലെ ബറേൽവി വിഭാഗത്തിന്റെ സ്ഥാപകനായ അഹമ്മദ് റാസ ഖാന്റെ നേരിട്ടുള്ള പിൻഗാമി കൂടിയാണ് അദ്ദേഹം.
September 27, 2025 4:30 PM IST