Leading News Portal in Kerala

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുടെ ആത്മകഥയ്ക്ക് പ്രധാനമന്ത്രി മോദിയുടെ അവതാരിക | India


Last Updated:

COP28 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

News18News18
News18

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവതാരിക. ‘ഞാന്‍ ജോര്‍ജിയ-എന്റെ വേരുകള്‍, എന്റെ തത്വങ്ങള്‍'(I Am Giorgia — My Roots, My Principles) എന്ന പുസ്തകം രൂപ പബ്ലിക്കേഷന്‍സാണ് പുറത്തിറക്കുന്നത്. ഇത് ഉടന്‍ തന്നെ വിപണിയിലെത്തും.

‘അവരുടെ മന്‍ കി ബാത്ത്’ എന്നാണ് പ്രധാനമന്ത്രി മോദി പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന് അവതാരിക എഴുതാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി മെലോണിയയെ ദേശസ്‌നേഹിയെന്നും മികച്ച സമകാലിക നേതാവെന്നുമാണ് വിശേഷിപ്പിച്ചത്. കൂടാതെ, ഇറ്റാലിയന്‍ പ്രധാനമന്ത്രിയോടുള്ള തന്റെ ”ബഹുമാനവും ആരാധനയും സൗഹൃദവും” അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ 11 വര്‍ഷമായി ലോക നേതാക്കളുമായുള്ള തന്റെ ഇടപെടലുകളെക്കുറിച്ച് പരാമര്‍ശിക്കവെ അവരുടെ കഥകള്‍ പലപ്പോഴും ആഴമേറിയവയാണെന്നും സാര്‍വത്രികവുമായ വിഷയങ്ങളെ പ്രതിഫലിപ്പിക്കുന്നവയുമാണെന്ന് മോദി ചൂണ്ടിക്കാട്ടി. മെലോണിയുടെ ജീവിതത്തിലും നേതൃത്വത്തിലും പ്രധാനമന്ത്രി ഇത് കാണുന്നതായി ദി ഇന്ത്യന്‍ എക്‌സപ്രസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

”പ്രധാനമന്ത്രി മെലോണിയുടെ ജീവിതവും നേതൃത്വവും കാലത്തിന് അതീതമായ ഈ സത്യങ്ങളെ ഓര്‍മിപ്പിക്കുന്നു. ഒരു മികച്ച സമകാലിക രാഷ്ട്രീയ നേതാവിന്റെയും ദേശസ്‌നേഹിയുടെയും നവോന്മേഷകദായകമായ കഥയായി ഇത് ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെടും,” പ്രധാനമന്ത്രി മോദി ആമുഖത്തില്‍ എഴുതി. സാംസ്‌കാരിക പൈതൃകത്തിലും സമത്വത്തിലുമുള്ള മെലോണിയുടെ വിശ്വാസത്തെ പ്രശംസിച്ച അദ്ദേഹം ഇന്ത്യന്‍, ഇറ്റാലിയന്‍ മൂല്യങ്ങള്‍ തമ്മിലുള്ള സമാനതകളും ചൂണ്ടിക്കാട്ടി.

മെലോണി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ 2021ലാണ് ഈ ആത്മകഥ പ്രസിദ്ധീകരിച്ചത്. വില്‍പ്പനയില്‍ മുന്നിലുണ്ടായിരുന്ന പുസ്തകങ്ങളിലൊന്നായിരുന്നു ഇത്. 2025 ജൂണില്‍ പുറത്തിറങ്ങിയ ആത്മകഥയുടെ യുഎസ് പതിപ്പില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് ആമുഖം എഴുതിയിരിക്കുന്നത്.

താന്‍ വ്യക്തി ജീവിതത്തിൽ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ മെലോണി വിവരിക്കുന്നു. അവിവാഹിതായ അമ്മ എന്ന നിലയില്‍ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും ഗര്‍ഭകാലത്ത് പ്രചാരണം നടത്തിയതിനെക്കുറിച്ചും അവര്‍ വിവരിക്കുന്നു. മാതൃത്വം, ദേശീയ സ്വത്വം, പാരമ്പര്യം എന്നിവ മുറുകെപിടിച്ചതിന് മെലോണിയെ മോദി അനുസ്മരിച്ചു. വളര്‍ന്നുവരുന്ന ഇന്ത്യ-ഇറ്റലി ബന്ധത്തിന്റെ അടിത്തറയായി അദ്ദേഹം ഇരുരാജ്യങ്ങളും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. 2023ലെ സന്ദര്‍ശനത്തിന് ശേഷം അത് വളര്‍ന്നതായും അദ്ദേഹം പറഞ്ഞു.

കോപ്28(COP28)പങ്കെടുക്കാനെത്തിയ മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇരുവരുടെയും സൗഹൃദം അന്ന് ചർച്ചയായിരുന്നു.