കരൂര്‍ ദുരന്തത്തിൽ മനംനൊന്ത് ടിവികെ നേതാവ് ജീവനൊടുക്കി; ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്| TVK Leader kills himself Following Karur Tragedy Leaves Note Blaming DMK leader Senthil Balaji | India
Last Updated:
സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം
ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (TVK) പ്രാദേശിക നേതാവ് ജീവനൊടുക്കി. ടിവികെയുടെ വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് അദ്ദേഹം എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തു. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കരൂരിലെ ദുരന്തത്തിന് കാരണം സെന്തില്‍ ബാലാജിയാണെന്ന് അയ്യപ്പന്‍ കുറിപ്പിൽ ആരോപിക്കുന്നു. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. കൂലിപ്പണിക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവികെയിലെ റാലിയില്‍ പങ്കെടുത്തിരുന്നു. തിക്കിലും തിരക്കിലും ആളുകള്‍ മരിച്ച വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.
ശനിയാഴ്ച കരൂരില്‍ നടന്ന രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താന്‍ മണിക്കൂറുകള്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Chennai [Madras],Chennai,Tamil Nadu
September 30, 2025 8:29 AM IST
കരൂര്‍ ദുരന്തത്തിൽ മനംനൊന്ത് ടിവികെ നേതാവ് ജീവനൊടുക്കി; ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്
