തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി| Missing Lion Returns to Vandalur Zoo tamil nadu After Two-Day Search | India
Last Updated:
സിംഹത്തെ കണ്ടെത്താനായി തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു
ചെന്നൈ: തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി. രണ്ട് ദിവസമായി സിംഹത്തിനായുള്ള തിരച്ചിൽ നടന്നുവരികയായിരുന്നു. സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു. ഷേർയാർ എന്ന് വിളിക്കുന്ന അഞ്ച് വയസ്സുള്ള ആൺ സിംഹത്തെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കാണാതായത്.
വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം സന്ധ്യകഴിഞ്ഞിട്ടും എത്തിയില്ല. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന സിംഹമാണിത്. സാധാരണ പരിശീലനത്തിലിരിക്കെ ഇത്തരത്തിൽ രണ്ട് ദിവസമൊക്കെ സിംഹം കൂട്ടിലേക്ക് വരാത്തത് പതിവാണെന്ന് അധികൃതർ പറഞ്ഞിരുന്നു.
സിംഹത്തെ പാർപ്പിച്ചിരിക്കുന്ന 25 ഏക്കർ പരിധിയിൽ വരുന്ന ലയൺ സഫാരി പ്രദേശത്ത് അഞ്ച് സംഘങ്ങളായി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിംഹം തിരികെ കൂട്ടിൽ തിരിച്ചെത്തിയത്. സിംഹത്തെ കണ്ടെത്താനായി തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു. കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും മൃഗശാല അധികൃതർ സ്ഥിരീകരിച്ചിരുന്നു.
ഗുജറാത്ത് ജൂനഗഢിലുള്ള മൃഗശാലയിൽ നിന്നാണ് സിംഹത്തെ ഒരുവർഷം മുൻപ് വണ്ടലൂർ മൃഗശാലയിൽ എത്തിച്ചത്. സാധാരണയായി, കാട്ടുപ്രദേശത്ത് വിടുന്ന സിംഹങ്ങൾ വൈകുന്നേരമാകുമ്പോൾ തനിയെ കൂട്ടിലേക്ക് തിരികെയെത്താറുണ്ട്. എന്നാൽ, പുതുതായി തുറന്നുവിട്ട ഈ ആൺസിംഹം വൈകുന്നേരമായിട്ടും കൂട്ടിലേക്ക് തിരിച്ചെത്തിയില്ല. ഇതോടെ പരിഭ്രാന്തരായ ജീവനക്കാർ കാണാതായ സിംഹത്തിനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഭക്ഷണം കഴിക്കാൻ പോലും വരാതെ ലയൺ സഫാരിയുടെ പരിസരത്ത് ഒളിച്ചു കഴിഞ്ഞ സിംഹം 2 ദിവസത്തിനു ശേഷമാണ് കൂട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതോടെ മൃഗശാല ജീവനക്കാർക്ക് ആശ്വാസമായി. സിംഹത്തെ കാണാതായതോടെ മൃഗശാലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
Vandalur,Kanchipuram,Tamil Nadu
October 06, 2025 6:26 PM IST
