Leading News Portal in Kerala

പരീക്ഷ മാറ്റിവയ്ക്കാന്‍ പ്രിന്‍സിപ്പൽ മരിച്ചതായി വ്യാജ കത്ത്; രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ് | Two Indore collegians booked for social media letter falsely announcing principal’s death | India


Last Updated:

ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ തന്റെ വസതിയിലേക്ക് വന്നത് തന്നെയും തന്റെ കുടുംബാംഗങ്ങളെയും കടുത്ത വിഷമത്തിലാക്കിയതായി പ്രിന്‍സിപ്പൽ പറഞ്ഞു

News18News18
News18

പരീക്ഷ മാറ്റി വയ്ക്കാന്‍ കോളേജ് പ്രിന്‍സിപ്പൽ മരിച്ചതായി വ്യാജ കത്ത് പ്രചരിപ്പിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ഡോറിലെ ഗവണ്‍മെന്റ് ഹോള്‍ക്കര്‍ സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പാള്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ കത്ത് പ്രചരിപ്പിച്ചത്. ഒക്ടോബർ 14നാണ് വിദ്യാര്‍ഥികൾ വ്യാജ കത്ത് പ്രചരിപ്പിച്ചത്. എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ കോളേജ് അച്ചടക്ക സമിതി രണ്ട് വിദ്യാര്‍ഥികളെയും 60 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

”കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനാമിക ജെയിനിന്റെ പരാതിയില്‍ മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലെ(ബിസിഎ) രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ ബുധനാഴ്ച കേസെടുത്തു. ഓണ്‍ലൈന്‍ പരീക്ഷകള്‍ തടസ്സപ്പെടുത്താനും ക്ലാസുകള്‍ മാറ്റി വയ്ക്കാനുമായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ മരിച്ചതായി വ്യാജ കത്ത് തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍  പ്രചരിപ്പിച്ചു,” ഭന്‍വാര്‍കുവാന്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് രാജ് കുമാര്‍ യാദവ് പറഞ്ഞു.

ഒരാളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് മനഃപൂര്‍വം തെറ്റായ രേഖ കെട്ടിച്ചമച്ചതിനാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പ്രധാന അറിയിപ്പ്’ എന്ന തലക്കെട്ടില്‍ കോളേജിന്റെ ലെറ്റര്‍ ഹെഡ് പകര്‍ത്തിയാണ് വിദ്യാർഥികൾ കത്ത് തയ്യാറാക്കിയതെന്ന് കോളേജിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഒക്ടോബര്‍ 15നും 16നും നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റി വയ്ക്കുകയും എല്ലാ വിഷയങ്ങളിലുമുള്ള ക്ലാസുകള്‍ നിറുത്തി വയ്ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”തങ്ങള്‍ തെറ്റു ചെയ്തായി വിദ്യാര്‍ഥികള്‍ സമ്മതിച്ചു. രണ്ടുപേരെയും 60 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജിലെ അച്ചടക്ക സമിതി ഏകകണ്ഠമായി തീരുമാനിച്ചു,” പ്രിന്‍സിപ്പല്‍ അനാമിക ജെയിൻ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ തന്റെ വസതിയിലേക്ക് വന്നത് തന്നെയും തന്റെ കുടുംബാംഗങ്ങളെയും കടുത്ത വിഷമത്തിലാക്കിയതായി അവര്‍ പറഞ്ഞു. രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ ശരിയായ വണ്ണം നിര്‍വഹിക്കുന്നതില്‍ നിന്ന് തടയാന്‍ ചിലര്‍ വളരെക്കാലമായി വിവിധ മാര്‍ഗങ്ങളിലൂടെ ശ്രമിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു.

1891ല്‍ ഇന്‍ഡോറിലെ അന്നത്തെ ഭരണാധികാരിയായിരുന്ന ശിവാജി റാവു ഹോള്‍ക്കറാണ് ഹോള്‍ക്കര്‍ സയന്‍സ് കോളേജ് സ്ഥാപിച്ചത്. നിലവില്‍ ഇവിടെ ഏകദേശം 15,000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/

പരീക്ഷ മാറ്റിവയ്ക്കാന്‍ പ്രിന്‍സിപ്പൽ മരിച്ചതായി വ്യാജ കത്ത്; രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്