‘എല്ലാ വീടുകളിലും ഒരു സർക്കാർ ജോലി’; ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി യാദവിന്റെ വമ്പൻ വാഗ്ദാനം A government job in every household Tejashwi Yadavs grand promise ahead of Bihar elections | India
Last Updated:
ആർജെഡി സർക്കാർ രൂപീകരിച്ചാൽ 20 മാസത്തിനുള്ളിൽ ബീഹാറിൽ സർക്കാർ ജോലിയില്ലാത്ത ഒരു കുടുംബവും ഉണ്ടാകില്ലെന്ന് തേജസ്വി യാദവ്
ആർജെഡി അധികാരത്തിൽ വന്നാൽ ബീഹാറിലെ എല്ലാ വീടുകളിലും കുറഞ്ഞത് ഒരു സർക്കാർ ജോലിയെങ്കിലും നൽകുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ആർജെഡി സർക്കാർ രൂപീകരിച്ചാൽ 20 മാസത്തിനുള്ളിൽ ബീഹാറിൽ സർക്കാർ ജോലിയില്ലാത്ത ഒരു കുടുംബവും ഉണ്ടാകില്ലെന്നാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വമ്പൻ വാഗ്ദാനം.അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പ്രവൃത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ നിർദ്ദേശത്തിൽ ഒപ്പുവെക്കുക എന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത് ആദ്യ പ്രഖ്യാപനമാണെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സർക്കാർ 20 വർഷത്തേക്ക് ജോലി നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്ന് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന തന്റെ 2020 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“20 വർഷം കൊണ്ട് യുവാക്കൾക്ക് ജോലി നൽകാൻ എൻഡിഎയ്ക്ക് കഴിഞ്ഞില്ല. അധികാരത്തിൽ വന്ന് 20 ദിവസത്തിനുള്ളിൽ ഞങ്ങൾ നിയമം കൊണ്ടുവരും, 20 മാസത്തിനുള്ളിൽ നടപ്പാക്കൽ ഉറപ്പാക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഞാൻ സർക്കാർ ജോലികൾ വാഗ്ദാനം ചെയ്തിരുന്നു. ഞാൻ അധികാരത്തിലിരുന്ന ചുരുങ്ങിയ കാലയളവിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകി. എനിക്ക് അഞ്ച് വർഷത്തെ കാലാവധി ലഭിച്ചിരുന്നെങ്കിൽ എന്ത് സാധ്യമാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ,”- തേജസ്വി യാദവ് പറഞ്ഞു.
2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുമ്പാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി വോട്ടർമാരാണുള്ളത്. ഈ വർഷം ജൂൺ വരെ ഇത് 7.89 കോടിയായിരുന്നു. കരട് പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം പേരുകൾ നീക്കം ചെയ്തതായും 2025 ഓഗസ്റ്റ് 1 ലെ പുതുക്കിയ പട്ടികയിലെ വോട്ടർമാരുടെ എണ്ണം 7.24 കോടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
October 09, 2025 2:59 PM IST
‘എല്ലാ വീടുകളിലും ഒരു സർക്കാർ ജോലി’; ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി യാദവിന്റെ വമ്പൻ വാഗ്ദാനം
