Leading News Portal in Kerala

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?| Will Vijays TVK Form a Grand Alliance with AIADMK and BJP to Oust Stalin | India


തിങ്കളാഴ്ച വൈകുന്നേരമാണ് ഇപിഎസും വിജയ് യും ഫോണിൽ സംസാരിച്ചത്. സെപ്റ്റംബർ 27ന് കരൂരിൽ വിജയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനുശോചനം അറിയിക്കാനാണ് വിളിച്ചതെന്ന് എഐഎഡിഎംകെയിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയുമായി സഖ്യത്തിന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി ഇപിഎസ് നിർദേശം വെച്ചതായാണ് വിവരം.

“അദ്ദേഹം (വിജയ്) ക്ഷണം നിഷേധിച്ചില്ല. അദ്ദേഹം ആദ്യം ദുരിതബാധിതരെ കാണാനും ഉടൻ തന്നെ പ്രചാരണം പുനരാരംഭിക്കാനുമാണ് ശ്രമിക്കുന്നത്. പ്രചാരണത്തിനിടയിൽ പ്രതിപക്ഷ നേതാവുമായി (ഇപിഎസ്) നേരിട്ട് കൂടിക്കാഴ്ച നടത്താമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്, ജനുവരിക്ക് ശേഷം ഒരു തീരുമാനമെടുക്കും,” എഐഎഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഇരുവരും തമ്മിലുള്ള സംഭാഷണം അരമണിക്കൂറോളം നീണ്ടുനിന്നു. “കരൂർ സംഭവത്തില്‍ ഇപിഎസ് അനുശോചനം അറിയിക്കുകയും പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും എത്രയും പെട്ടെന്ന് ദുരിതബാധിതരെ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും വിജയ് മറുപടി നൽകി.”- വൃത്തങ്ങൾ പറഞ്ഞു.

മറ്റൊരു മുതിർന്ന എഐഎഡിഎംകെ നേതാവ്, ഒക്ടോബർ 6-ന് ഇപിഎസ് വിജയ്യുമായി സംസാരിച്ച കാര്യം സ്ഥിരീകരിച്ചു. “ഞങ്ങൾക്ക് ഇക്കാര്യത്തിൽ ധൃതിയില്ല, കാരണം അദ്ദേഹത്തിനും സമയം ആവശ്യമാണ്. ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ എതിർക്കുന്നതിൽ പൂർണപിന്തുണ നൽകുമെന്ന് അറിയിച്ചു. 2026‌ലെ പൊങ്കലിന് ശേഷം സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.”

വിജയും ഇപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം ടിവികെ വക്താവ് സ്ഥിരീകരിച്ചെങ്കിലും, സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കരൂർ ദുരന്തത്തിൽ ടിവികെയെ ഭരണകക്ഷിയായ ഡിഎംകെ കുറ്റപ്പെടുത്തുന്നതിനിടയിലാണ് രണ്ട് നേതാക്കളും തമ്മിലുള്ള ഈ ആശയവിനിമയം. മറുവശത്ത്, എഐഎഡിഎംകെയും ബിജെപിയും വിജയ്ക്ക് പിന്തുണ നൽകുകയും, മതിയായ പോലീസ് സംവിധാനം ഒരുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടുവെന്നും വിജയുടെ പ്രചാരണത്തിന് അനുയോജ്യമായ സ്ഥലം അനുവദിച്ചില്ലെന്നും കുറ്റപ്പെടുത്തി.

ഡിഎംകെ വിജയുടെ പാർട്ടിയെ കൂടുതൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ എഐഎഡിഎംകെയും ടിവികെയും തമ്മിലുള്ള സഖ്യത്തിനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. “ഡിഎംകെ വിജയ് യെ ലക്ഷ്യമിടുന്നത് തുടരുകയാണെങ്കിൽ, അദ്ദേഹത്തിന് മറ്റ് വഴികളില്ല, തീർച്ചയായും അദ്ദേഹം ഒരു സഖ്യത്തിനായി ശ്രമിക്കും. ഈ സഖ്യം ഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. എന്നാൽ ഇത് ഇപ്പോൾ സംഭവിക്കില്ല, തീർച്ചയായും തിരഞ്ഞെടുപ്പിന് അടുത്തായി ചില മാറ്റങ്ങളുണ്ടാകും,” പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ അരുൺ ദ പ്രിന്റിനോട് പറഞ്ഞു.

രാഷ്ട്രീയ പാർട്ടി ആരംഭിച്ചതുമുതൽ, ഭരണകക്ഷിയായ ഡിഎംകെയെ തൻ്റെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്രപരമായ ശത്രുവായും മാത്രമാണ് വിജയ് ലക്ഷ്യമിട്ടിട്ടുള്ളത്. എഐഎഡിഎംകെ നേതാക്കളെ വിമർശിക്കുന്നതിൽ നിന്ന് വിജയും അദ്ദേഹത്തിൻ്റെ അനുയായികളും വിട്ടുനിൽക്കാറുണ്ട്. എങ്കിലും, എഐഎഡിഎംകെ-ബിജെപി സഖ്യം പുനരുജ്ജീവിപ്പിച്ചതിനെ വിജയ് ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബർ 27ന് നാമക്കലിൽ നടന്ന യോഗത്തിൽ സംസാരിക്കവെ, മുൻ മുഖ്യമന്ത്രിമാരായ എം‌ ജി രാമചന്ദ്രൻ, ജെ ജയലളിത എന്നിവരുടെ “യഥാർത്ഥ അണികൾ” ഈ ബന്ധം അംഗീകരിക്കില്ലെന്ന് വിജയ് പറഞ്ഞിരുന്നു.

എന്നിരുന്നാലും, എഐഎഡിഎംകെയോട് വിജയ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് അരുൺ പറഞ്ഞു. “നാമക്കൽ, കരൂർ പ്രചാരണങ്ങളിലും മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ വാക്കുകൾക്ക് വിരുദ്ധമായി എഐഎഡിഎംകെ ബിജെപിയുമായി കൈകോർത്തു എന്നാണ് വിജയ് പറഞ്ഞത്. എന്നാൽ എഐഎഡിഎംകെയുടെ പ്രവർത്തനത്തിലോ അതിൻ്റെ രാഷ്ട്രീയത്തിലോ അദ്ദേഹം ഒരു കുറ്റവും കണ്ടെത്തിയില്ല.” എഐഎഡിഎംകെയുമായി കൈകോർക്കുന്നത് ടിവികെയ്ക്ക് നിലവിലില്ലാത്ത സംഘടനാപരമായ അടിത്തറ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.