വിജയ് കരൂര്‍ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ നേരിട്ട് കാണാന്‍ അനുമതി തേടി | TVK Vijay seeks permission to meet relatives of the dead in Karur rally | India
Last Updated:
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് നേരിട്ട് അനുശോചനം അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി തമിഴ്നാട് ഡിജിപിക്ക് അയച്ച ഇമെയിലില്‍ വിജയ്
കരൂരിലെ (Karur rally) തിക്കിലും തിരക്കിലും പെട്ട് ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളെ കാണാന്‍ അനുമതി തേടി നടനും തമിഴഗ വെട്രി കഴഗം (ടിവികെ) പാര്‍ട്ടി തലവനുമായ വിജയ്. വാട്സാപ്പ് വീഡിയോ കോളുകള്‍ വഴി ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിനു പിന്നാലെയാണ് വിജയ് കരൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് നേരിട്ട് അനുശോചനം അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി തമിഴ്നാട് ഡിജിപിക്ക് അയച്ച ഇമെയിലില്‍ വിജയ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് കരൂരില്‍ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ ബന്ധുക്കളുമായി വാട്സാപ്പ് വീഡിയോ കോള്‍ വഴി വിജയ് സംസാരിച്ചത്. അദ്ദേഹം കുടുംബത്തെ അനുശോചനം അറിയിക്കുകയും പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. ഒരാളുടെ കുടുംബത്തോട് സംസാരിച്ച വിജയ് ഒരു അമ്മയെ ആശ്വസിപ്പിക്കുകയും നിങ്ങളുടെ മകനെ പോലെയാണ് താനെന്ന് അവരോട് പറയുകയും ചെയ്തു.
എന്നാല്‍, ദുരന്തബാധിതരുടെ ബന്ധുക്കളെ നേരിട്ട് സന്ദര്‍ശിക്കാത്തതിന് ചില വിഭാഗങ്ങളില്‍ നിന്നും വിജയ് വിമര്‍ശനം നേരിട്ടിരുന്നു. വിജയ് കരൂര്‍ സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരന്തബാധിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 27-നാണ് വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അപകടമുണ്ടായത്. 41 പേര് മരിക്കുകയും 60-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരൂര്‍ റാലിക്ക് ഏകദേശം 10,000 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ റാലിയില്‍ 27,000 പേര് പങ്കെടുത്തതായി പോലീസ് രേഖപ്പെടുത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടിയോളം പേരാണ് റാലിയിൽ തടിച്ചുകൂടിയത്.
സ്ഥലത്ത് വിജയ് ഏകദേശം ഏഴ് മണിക്കൂറോളം വൈകിയെത്തുക കൂടി ചെയ്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് പോലീസ് കുറ്റപ്പെടുത്തി. അദ്ദേഹം പ്രസംഗം തുടങ്ങിയതോടെ ആളുകള്‍ വേദിക്കരികിലേക്ക് ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഒക്ടോബര്‍ മൂന്നിന് മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് വിജയ് ആവശ്യപ്പെട്ടു. സംഭവത്തില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. അഭിഭാഷകരായ ദിക്ഷിത ഗോഹില്‍, പ്രജ്ഞല്‍ അഗര്‍വാള്‍, യാഷ് എസ് വിജയ് എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്കി. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ ഒക്ടോബര്‍ മൂന്നിലെ ഉത്തരവിനെ ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നിരസിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഒക്ടോബര്‍ പത്തിന് സുപ്രീം കോടതി പരിഗണിക്കും. ബിജെപി നേതാവ് ഉമാ ആനന്ദന് നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.
Thiruvananthapuram,Kerala
October 08, 2025 10:32 AM IST
