Leading News Portal in Kerala

നരേന്ദ്ര മോദിക്ക് ട്രംപിന്റെ ദീപാവലി സന്ദേശം; ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ നിലകൊള്ളാന്‍ ആഹ്വാനം | PM modi receives Diwali call from Trump seeks united stand against all forms of Terrorism | India


Last Updated:

മോദി ഒരു മികച്ച വ്യക്തിയാണെന്നും വര്‍ഷങ്ങളായി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് ആവര്‍ത്തിച്ചു

News18
News18

പ്രധാനമന്ത്രി നരേന്ദ്ര  മോദിക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഐക്യത്തോടെ നിലകൊള്ളണമെന്നും ട്രംപ് മോദിയോട് ആഹ്വാനം ചെയ്തു. ട്രംപ് തന്നെ ഫോണില്‍ വിളിച്ച് ദീപാവലി ആശംസകള്‍ നേര്‍ന്നതായും ഭീകരതയ്‌ക്കെതിരെയുള്ള പ്രതിബദ്ധത അറിയിച്ചതായും മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു.

തീവ്രവാദത്തിനെതിരെയുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചതായും മോദി പറഞ്ഞു. ഭീകര ശൃംഖലകളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പാകിസ്ഥാനോടുള്ള അമേരിക്കയുടെ പുതിയ സമീപനത്തിന്റെ വെളിച്ചത്തില്‍ മോദിയുടെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നു. യുസിന്റെ പ്രാദേശിക ബന്ധങ്ങള്‍ മാറികൊണ്ടിരിക്കുന്നുണ്ടെങ്കിലും തീവ്രവാദവിരുദ്ധത ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ കേന്ദ്ര ബിന്ദുവായി തുടരുമെന്നും മോദി പറഞ്ഞു.

ഇന്ത്യയും അമേരിക്കയും രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളാണ്. പ്രതീക്ഷയോടെയും ഐക്യത്തോടെയും തങ്ങള്‍ ലോകത്തെ പ്രകാശിപ്പിക്കുകയും ഭീകരയ്‌ക്കെതിരെ ഉറച്ചുനില്‍ക്കുകയും ചെയ്യുമെന്ന് മോദി ആശംസിച്ചു.

അതേസമയം, വൈറ്റ് ഹൗസില്‍ ട്രംപ് ദീപാവലി ആഘോഷിക്കുകയും ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. പരിപാടിക്കിടെ നടത്തിയ പ്രസംഗത്തില്‍ മോദിയെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. മോദി തന്റെ ഉറ്റ സുഹൃത്തും മഹാനായ വ്യക്തിയുമാണെന്നും ട്രംപ് പറഞ്ഞു. വ്യാപാരത്തിലും പ്രാദേശിക സമാധാനത്തിലും അധിഷ്ഠിതമായ ഇന്ത്യ-അമേരിക്ക ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഞങ്ങളുടെ ഊഷ്മളമായ ആശംസകള്‍ നേരുന്നു. ഞാന്‍ ഇന്ന് നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഞങ്ങള്‍ വ്യാപാരത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് അതില്‍ താല്‍പ്പര്യമുണ്ട്. പാക്കിസ്ഥാനുമായും ഇന്ത്യയുമായും നമുക്ക് യുദ്ധമില്ല. അത് വളരെ നല്ല കാര്യമാണ്”, ട്രംപ് പരിപാടിയില്‍ പറഞ്ഞു.

മോദി ഒരു മികച്ച വ്യക്തിയാണെന്നും വര്‍ഷങ്ങളായി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് ആവര്‍ത്തിച്ചു. ദീപാവലി ആഘോഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.  പ്രസംഗത്തിനുശേഷം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ ട്രംപ് ദീപങ്ങള്‍ തെളിയിച്ചു.

എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഒഡിഎന്‍ഐ ഡയറക്ടര്‍ ടുല്‍സി ഗബ്ബാര്‍ഡ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കുഷ് ദേശായി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവരുള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് നേതാക്കളുടെ ഒരു പ്രതിനിധി സംഘവും സന്നിഹിതരായിരുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ദീപാവലിയുടെ സാംസ്‌കാരിക പ്രാധാന്യവും രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഈ ആഘോഷം എടുത്തുകാണിച്ചു.