കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം അന്തിമഘട്ടത്തിലെന്ന് മകന്; പകരം ആളെ നിർദേശിച്ചതിൽ വിവാദം | Son of Siddaramaiah drops hint on the political sabbatical of his dad | India
Last Updated:
കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് യതീന്ദ്രയുടെ സുപ്രധാന സൂചന
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ (Siddaramaiah) രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി അദ്ദേഹത്തിന്റെ മകന് യതീന്ദ്ര രാമയ്യ. പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് യതീന്ദ്ര പറഞ്ഞു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
സിദ്ധരാമയ്യയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള പേരും യതീന്ദ്ര നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളിയുടെ പേരാണ് അദ്ദേഹം പറഞ്ഞത്. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തോടടുക്കുകയാണെന്നും സതീഷ് ജാര്‍ക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി എന്നും യതീന്ദ്ര പറഞ്ഞു.
ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്ന ഒരാളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ യതീന്ദ്ര ജാര്‍ക്കിഹോളിക്ക് ഒരു പുരോഗമന നേതാവിന്റെ മേലങ്കിയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ജാര്‍ക്കിഹോളി നേരത്തെ പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് യതീന്ദ്ര ഇതേക്കുറിച്ച് സുപ്രധാന സൂചന നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 2.5 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള മുറമുറുപ്പ് ശക്തമാണ്. സിദ്ധരാമയ്യയ്ക്ക് ശേഷം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
അതേസമയം, നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകളെ സിദ്ധരാമയ്യയും ശിവകുമാറും നിഷേധിച്ചു. ഇതോടെ കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് യതീന്ദ്ര പറഞ്ഞു. കര്‍ണാടകയില്‍ നേതൃമാറ്റമില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ബിജെപി നേതൃമാറ്റം അവകാശപ്പെടുന്നതായും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ യാഥാര്‍ത്ഥ്യം തങ്ങള്‍ക്കറിയാമെന്നും യതീന്ദ്ര വ്യക്തമാക്കി.
നേതൃമാറ്റം സംബന്ധിച്ച എല്ലാ ചര്‍ച്ചകൾ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.
യതീന്ദ്രയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഡികെ ശിവകുമാറും രംഗത്തെത്തി. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയോട് അര്‍പ്പണബോധമുള്ളവരായിരിക്കണമെന്നും ഒരുതരത്തിലുള്ള ഗ്രൂപ്പിസവും നേതൃത്വം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പിസത്തില്‍ ഏര്‍പ്പെടണമെങ്കില്‍ തനിക്കും എന്തും ചെയ്യാമായിരുന്നുവെന്നും എന്നാല്‍ അത്തരം രാഷ്ട്രീയം അത്ര രസകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആണെന്നും അദ്ദേഹം പറഞ്ഞു.
നേതൃമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കഴിഞ്ഞമാസം സിദ്ധരാമയ്യയും തള്ളിയിരുന്നു. താന്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷം കൂടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും സിദ്ധരാമയ്യ ആവര്‍ത്തിച്ചു.
Thiruvananthapuram,Kerala
October 23, 2025 12:01 PM IST
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം അന്തിമഘട്ടത്തിലെന്ന് മകന്; പകരം ആളെ നിർദേശിച്ചതിൽ വിവാദം
