ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക് | Punjab teen dies in blast while making Diwali cracker at home | India
Last Updated:
പടക്കം വാങ്ങാന്‍ പണമില്ലാതിരുന്നതിനാലാണ് ഇവര്‍ സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു
പഞ്ചാബിൽ ദീപാവലി ആഘോഷങ്ങൾക്കായി വീട്ടിൽ പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഗുരുദാസ്പൂർ ജില്ലയിലെ ധർമ്മാബാദ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ 19 വയസുകാരനായ മന്‍പ്രീതാണ് മരിച്ചത്. പൊട്ടിത്തെറിയിൽ യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ദരിദ്ര കുടുംബമായതിനാല്‍ പടക്കം വാങ്ങാന്‍ പണമില്ലായിരുന്നെന്നും അതിനാലാണ് ഇവര്‍ സ്വന്തമായി നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മരിച്ച മൻപ്രീത് സിങ്ങും സഹോദരൻ ലവ്പ്രീത് സിങ്ങും ചേർന്നാണ് ഇരുമ്പിൻ്റെ പൈപ്പിൽ പൊട്ടാഷ് പോലുള്ള സ്ഫോടകവസ്തുക്കൾ നിറച്ച് ഉപകരണം നിർമ്മിക്കാൻ ശ്രമിച്ചത്. ഇതിനിടെ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഹോദരൻ ലവ്പ്രീത് സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തില്‍ കുടുംബത്തിലെ ഒരാള്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടു, മറ്റൊരാളുടെ ഇരു കൈകള്‍ക്കും പൊള്ളലേറ്റു, ഒരാള്‍ക്ക് താടിയെല്ലിന് സാരമായ പരിക്കുണ്ട് എന്നാണ് വിവരം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാരിൽ നിന്നാണ് കുട്ടികൾ പൊട്ടാസ്യം, സൾഫർ തുടങ്ങിയ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സ്ഫോടകവസ്തുക്കളുടെ ലഭ്യതയും മേൽനോട്ടമില്ലായ്മയുമാണ് അപകടത്തിന് കാരണം. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും, സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
October 23, 2025 10:37 PM IST
