Leading News Portal in Kerala

Piyush Pandey: പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു| Piyush Pandey Creator of Iconic Fevicol and Cadbury Campaigns passes away | India


Last Updated:

വിടവാങ്ങിയത് ഫെവികോൾ, കാഡ്ബറി തുടങ്ങി ഒട്ടേറെ ജനപ്രിയ പരസ്യങ്ങൾ‌ ഒരുക്കിയ പ്രതിഭ

പിയൂഷ് പാണ്ഡ‍െ
പിയൂഷ് പാണ്ഡ‍െ

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, കാഡ്ബറി (കുച്ച് ഖാസ് ഹേ), ഏഷ്യന്‍ പെയിന്റ്‌സ് (ഹർ ഖുഷി മേ രംഗ് ലായേ) എന്നിവയുടേത് ഉള്‍പ്പെടെ ജനപ്രിയമായ ഒട്ടേറെ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. പിയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർ‌മലാ സീതാരാമൻ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അനുശോചിച്ചു.

രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയാണ്. സഹോദരന്‍ പ്രസൂണിനൊപ്പം റേഡിയോ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കിയായിരുന്നു പരസ്യമേഖലയിലേക്ക് ചുവടുവച്ചത്. പിന്നീടിങ്ങോട്ട് ‘ഒഗില്‍വി’ എന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായി. ഇന്ത്യക്കാരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നിരവധി പരസ്യങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്.

27-ാം വയസില്‍ 1982ലാണ് അദ്ദേഹം ഒഗില്‍വിയില്‍ ജോലി ആരംഭിക്കുന്നത്. പിയൂഷ് പാണ്ഡെയുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയെന്ന ഖ്യാതി ഒഗില്‍വി സ്വന്തമാക്കി. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്‌സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഗുജറാത്ത് ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും പിയൂഷ് പാണ്ഡെ പരസ്യങ്ങള്‍ ചെയ്തു.

അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒഗിൽവി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ഏജൻസികളിലൊന്നായി മാറി. 2018ൽ, ഇന്ത്യൻ സർഗ്ഗാത്മകതയെ ആഗോള വേദിയിലേക്ക് ഉയർത്തിയതിന് കാൻസ് ലയൺസിന്റെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് ബഹുമതിയായ ലയൺ ഓഫ് സെന്റ് മാർക്ക് ലഭിച്ച ആദ്യ ഏഷ്യക്കാർ അദ്ദേഹവും സഹോദരൻ പ്രസൂൺ പാണ്ഡെയും ആയിരുന്നു.

നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച 2014-ലെ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്ന ക്യാംപയിനിന്റെ സൂത്രധാരന്‍ പിയൂഷ് പാണ്ഡെയായിരുന്നു. ഒഗിൽവിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായിരിക്കെ 2023ലാണ് അദ്ദേഹം വിരമിക്കുന്നത്. നിതാ പാണ്ഡെയാണ് ഭാര്യ.

Summary: Advertising legend Piyush Pandey has passed away at the age of 70. Piyush Pandey created numerous popular advertisements, including those for Fevicol, Cadbury (“Kuch Khaas Hai”), and Asian Paints (“Har Khushi Mein Rang Laaye”). Many people, including Prime Minister Narendra Modi and Union Finance Minister Nirmala Sitharaman, expressed their condolences on the demise of Piyush Pandey.