കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഗ്യാസ് ചോർന്ന് സഹോദരിമാർ ശ്വാസംമുട്ടി മരിച്ചു | Sisters Inhale LPG Gas Leaked From Geyser, Die In Bathroom in Mysuru | India
Last Updated:
പിതാവ് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി നോക്കിയപ്പോൾ ഇരുവരും അബോധാവസ്ഥയിരുന്നു
മൈസൂരു: കുളിമുറിയിലെ ഗ്യാസ് വാട്ടർഹീറ്ററിൽനിന്നുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് സഹോദരിമാരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെയാണ് മൈസൂരുവിൽ അപകടം സംഭവിച്ചത്.
ഗുൽഫാം (23), സിമ്രാൻ താജ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരുമിച്ചാണ് കുളിമുറിയിൽ പ്രവേശിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും യുവതികളെ പുറത്ത് കാണാത്തതിനെ തുടർന്ന് പിതാവ് അൽത്താഫ് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗീസറിൽനിന്ന് വാതകം ചോർന്നതാണ് അപകടകാരണം. തീപിടുത്തം ഉണ്ടായില്ലെങ്കിലും വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാണ് യുവതികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൈസൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ കെ.ആർ. പുരത്ത് മറ്റൊരു ദുരന്തം ഉണ്ടായി. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബെംഗളൂരുവിലെ ത്രിവേണി നഗറിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകരുകയും സമീപത്തെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Mysore,Karnataka
October 26, 2025 5:42 PM IST
