Leading News Portal in Kerala

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ വേദിയിൽ വനിതാ പോസ്റ്റൽ ഓഫിസർമാർ തമ്മിൽ തർക്കം; വൈറൽ | Clash between 2 women officers at Nitin Gadkari’s event | India


Last Updated:

ഇതുകണ്ട് ഗഡ്കരി ഇടയ്ക്കിടെ അസ്വസ്ഥതയോടെ ഇരുവരെയും നോക്കുന്നതും വീഡിയോയിൽനിന്നു വ്യക്തമാണ്

News18
News18

നാഗ്പുർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വനിതാ പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരസ്യമായ വേദിയിൽ ഉദ്യോഗസ്ഥർ പരസ്പരം കൈമുട്ടുകൊണ്ട് തട്ടുകയും നുള്ളുകയും ചെയ്യുന്നത് കാണാം.

നാഗ്പുർ മേഖല പോസ്റ്റ് മാസ്റ്റർ ജനറലായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥയും (കർണാടകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും കോടതിയിൽ നിന്ന് സ്റ്റേ നേടി) നിലവിൽ ഡിവിഷന്റെ അധിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയും തമ്മിലാണ് തർക്കമുണ്ടായത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തതിനെത്തുടർന്ന് തസ്തികയുടെ ഔദ്യോഗിക ചുമതല ആർക്കാണ് എന്നതിലെ ആശയക്കുഴപ്പമാണ് ഇരുവരും തമ്മിൽ സംഘർഷത്തിന് വഴിവെച്ചത്.

ഗഡ്കരി വേദിയിൽ ഇരിക്കെ, ഒരേ സോഫയിൽ അടുത്തടുത്ത് ഇരുന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒരു ഉദ്യോഗസ്ഥ മറ്റേയാളോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതോടെ, സീറ്റിൽനിന്ന് മാറിയിരിക്കാത്ത ഉദ്യോഗസ്ഥയെ മറ്റേയാൾ കൈമുട്ടുകൊണ്ട് കുത്തുകയും തട്ടുകയുംനുള്ളുകയും ചെയ്യുന്നതും, ഇതിനിടയിൽ കൈയിലിരുന്ന കുപ്പിയിലെ വെള്ളം പുറത്തേക്ക് തെറിക്കുന്നതും വീഡിയോയിൽ കാണാം.

പൊതുജനങ്ങളുടെയും ക്യാമറകളുടെയും മുന്നിലാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. ബഹളം കേട്ട് ഗഡ്കരി ഇടയ്ക്കിടെ അസ്വസ്ഥതയോടെ ഇരുവരെയും നോക്കുന്നതും വീഡിയോയിൽനിന്നു വ്യക്തമാണ്. ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം സർക്കാർ സംവിധാനത്തിന് തന്നെ നാണക്കേടാണെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സംഭവത്തിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.