Leading News Portal in Kerala

ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനരാംരംഭിച്ചു; ആദ്യ വിമാനം കൊല്‍ക്കത്തയില്‍ നിന്നും|india-china resume direct flights after 5 years first flight takes off from kolkata | India


Last Updated:

നവംബര്‍ ഒന്‍പത് മുതല്‍ നേരിട്ടുള്ള ഷാംഗ്ഹായ്-ഡല്‍ഹി വിമാനസര്‍വീസുകള്‍ ആരംഭിക്കും

News18
News18

അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് പുനഃരാരംഭിച്ചു. ആദ്യ വിമാനം ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് വിമാനസര്‍വീസുകള്‍ വീണ്ടും ആരംഭിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് തെക്കന്‍ ചൈനയിലെ ഗ്വാംഗ്ഷൂവിലേക്ക് ഞായറാഴ്ച രാത്രി 9.53നാന് ഇന്‍ഡിഗോയുടെ വിമാനം പുറപ്പെട്ടു.

ഏകദേശം മൂന്നരമണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം വിമാനം ചൈനയിലെത്തി. നവംബര്‍ 10 മുതല്‍ ന്യൂഡല്‍ഹി-ഗ്വാംഗ്ഷൂ സര്‍വീസ് ആരംഭിക്കാനും ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നുണ്ട്. നവംബര്‍ ഒന്‍പത് മുതല്‍ നേരിട്ടുള്ള ഷാംഗ്ഹായ്-ഡല്‍ഹി വിമാനസര്‍വീസുകള്‍ ആരംഭിക്കും.

ഇന്ത്യ-ചൈന നയതന്ത്രബന്ധം മെച്ചപ്പെട്ടു

2020ലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ-ചൈന നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായത്. ബന്ധത്തില്‍ ക്രമേണ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. കോവിഡ് 19 സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാ വിമാന സര്‍വീസുകള്‍ നിറുത്തിവെച്ചിരുന്നു. പിന്നീട് അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണമായും നിര്‍ത്തലാക്കപ്പെടുകയായിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷം ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചൈന സന്ദര്‍ശിച്ചിരുന്നു. സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

വിമാനകമ്പനികള്‍ റൂട്ടുകള്‍ വര്‍ധിപ്പിക്കുന്നു

ആഗോളസാമ്പത്തിക രംഗത്തെ പ്രത്യഘാതങ്ങളും അമേരിക്കന്‍ പ്രസിഡന്റിന്റെ താരിഫ് നയങ്ങളും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താന്‍ ഇടയാക്കി. വിമാനസര്‍വീസുകള്‍ പുനരാംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ്, ടൂറിസം, സാംസ്‌കാരിക കൈമാറ്റങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡല്‍ഹിക്കും ഷാംഗ്ഹായ്ക്കും ഇടയില്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ ഇരുരാജ്യങ്ങളിലെയും യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഹോംങ്കോംഗ്, സിംഗപ്പൂര്‍ എന്നിവടങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരില്ല.