Leading News Portal in Kerala

ഇന്ത്യയിലെ മ്യൂസിയങ്ങളിൽ ഒന്നുമില്ലേ? എല്ലാം ലണ്ടനിലുണ്ടല്ലോ; വൈറലായി ബ്രീട്ടിഷുകാരുടെ വീഡിയോ | British man’s question on missing artefacts in Indian museum gets perfect reply | India


Last Updated:

18, 19 നൂറ്റാണ്ടുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പുരാവസ്തുക്കള്‍ യുകെയില്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്

(ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം)
(ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം)

നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് പൗരന്റെ ചോദ്യവും അതിന് സഹയാത്രിക നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലത്തെ കുറിച്ചും അതിന്റെ അമൂല്യമായ പുരാവസ്തുക്കളുടെ നഷ്ടത്തെ കുറിച്ചും ഇത് വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി.

അലക്‌സ് അടുത്തിടെയാണ് അമിന എന്ന സുഹൃത്തിനൊപ്പം ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യ സന്ദര്‍ശിച്ചത്. മ്യൂസിയത്തിലെ കാഴ്ചകള്‍ നടന്നു കാണുന്നതിനിടെ അദ്ദേഹം ചോദിച്ച ചോദ്യവും അമിന നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിശബ്ദമായ മ്യൂസിയത്തിന്റെ ഹാളിലൂടെ നടക്കുന്നതിനിടയില്‍ അലക്‌സ് ചോദിച്ചു “അമിന എന്തുകൊണ്ടാണ് നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യയില്‍ പുരാവസ്തുക്കള്‍ ഇല്ലാത്തതെന്ന് നിങ്ങള്‍ക്കറിയാമോ?”. ഒരു നിമിഷം പോലും ആലോചിക്കാതെ അമിന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി, “എല്ലാം ലണ്ടനിലായതുകൊണ്ടാണെന്ന് കരുതുന്നു”. തലകുലുക്കികൊണ്ട് അലക്‌സ് അതെ അതാണ് കാര്യം എന്ന് സമ്മതിക്കുന്നതും വീഡിയോയില്‍ കാണാം.

‘ഇന്ത്യയിലെ മ്യൂസിയങ്ങള്‍ ശൂന്യമായിരിക്കുന്നത് എന്തുകൊണ്ട്’ എന്ന തലക്കെട്ടിലാണ് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. കാഴ്ചക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നത്. വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ഇതേക്കുറിച്ചുള്ള തങ്ങളുടെ ചിന്തകള്‍ ആളുകള്‍ പങ്കുവെച്ചു.

ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളും വന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ പുരാവസ്തുക്കള്‍ ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി.

എല്ലാം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചു എന്നായിരുന്നു ഒരു പ്രതികരണം. ലണ്ടനില്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ വസ്തുക്കള്‍ ഉണ്ടെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം വളരെ ശരിയാണെന്നും ഗ്രീക്ക് പുരാവസ്തുക്കളുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും ഒരാള്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഇതില്‍ നര്‍മ്മം കണ്ടെത്തി.

ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കള്‍ തിരികെ നല്‍കണമെന്ന രാജ്യത്തെ ദീര്‍ഘകാല ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. അതില്‍ ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ ഭാഗമായ കോഹിനൂര്‍ വജ്രം. 105 കാരറ്റ് രത്‌നം ഒരിക്കല്‍ ഇന്ത്യന്‍ ഭരണാധികാരികളുടേത് ആയിരുന്നു. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി അത് ഏറ്റെടുക്കുകയും പിന്നീട് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയും ചെയ്തു.

അമരാവതി മാര്‍ബിളുകള്‍, ടിപ്പു സുല്‍ത്താന്റെ സ്വകാര്യ വസ്തുക്കള്‍, ബ്രിട്ടീഷ് മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എണ്ണമറ്റ ശില്പങ്ങള്‍, നാണയങ്ങള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടമായ മറ്റ് വസ്തുക്കള്‍. 18, 19 നൂറ്റാണ്ടുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പുരാവസ്തുക്കള്‍ യുകെയില്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.