അതും ടാഗോർ എഴുതിയതാണല്ലോ? കോൺഗ്രസ് യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം പാടിയതിൽ വിമർശനത്തിൽ കോൺഗ്രസ് |Composed by Rabindranath Tagore, Congress under criticism for singing Bangladesh national anthem at meeting | India
Last Updated:
ഒക്ടോബർ 27-ന് ശ്രീഭൂമിയില്‍ നടന്ന ഒരു പാര്‍ട്ടി യോഗത്തിലാണ് കോണ്‍ഗ്രസ് നേതാവ് വിധു ഭൂഷണ് ദാസ് ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചത്
അസമില്‍ നടന്ന കോണ്‍ഗ്രസ് പാർട്ടി യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. സംഭവത്തിൽ ബിജെപിയുടെ വിമര്‍ശനങ്ങളെ ഗൊഗോയ് തള്ളി. ബംഗ്ലാദേശിന്റെ ദേശീയഗാനവും രചിച്ചത് നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോര്‍ തന്നെയാണല്ലോ എന്ന് പറഞ്ഞാണ് ഈ പ്രവൃത്തിയെ അദ്ദേഹം ന്യായീകരിച്ചത്.
ഒക്ടോബർ 27-ന് ശ്രീഭൂമിയില്‍ നടന്ന ഒരു പാര്‍ട്ടി യോഗത്തിലാണ് കോണ്‍ഗ്രസ് നേതാവ് വിധു ഭൂഷണ് ദാസ് ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമര്‍ സോണാര്‍ ബംഗ്ല’ ആലപിച്ചത്. ഇത് അസമിൽ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. യോഗത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ അസമിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇതോടെ ബിജെപി വിഷയത്തില്‍ ഇടപ്പെടുകയും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഉള്‍പ്പെടുത്തി വോട്ട് ബാങ്ക് അജണ്ട സൃഷ്ടിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ ഈ വിമര്‍ശനങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവായ ഗൊഗോയ്. ബിജെപി എല്ലായ്പ്പോഴും ബംഗാളി ഭാഷയെയും ബംഗാളി സംസ്കാരത്തെയും ബംഗാളിലെ ജനങ്ങളെയും അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ഒരു ഗാനമാണിത്. ബംഗാളി സംസ്കാരത്തിന്റെ വികാരങ്ങള്‍ ഇത് പ്രതിഫലിപ്പിക്കുന്നു. ബിജെപി എപ്പോഴും ബംഗാള്‍ ഭാഷയെയും സംസ്കാരത്തെയും ജനതയെയും അപമാനിക്കുന്നു. അവരുടെ ഐടി സെല്‍ മുന്‍ കാലങ്ങളിലും ബംഗാളി ജനതയെ അപമാനിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ചരിത്രം അറിയാതെ അവര്‍ അവഗണന കാണിച്ചിട്ടുണ്ട്. ബംഗാളിലെ ജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ബംഗാളി സംസാരിക്കുന്നവരും ബിജെപി വോട്ടിനായി മാത്രമാണ് തങ്ങളെ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു”, ഗൊഗോയ് പറഞ്ഞു.
ദേശീയഗാന വിവാദത്തെക്കുറിച്ച് ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവേ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം തോളോട് തോള് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
“യുപിഎ ഭരണകാലത്ത് രാജ്യത്ത് കോടിക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ കുടിയിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. സ്വന്തം വേദിയില്‍ നിന്ന് അവര്‍ക്ക് പിന്തുണ നല്‍കാനായി കോണ്‍ഗ്രസ് ബംഗ്ലാദേശി ദേശീയ ഗാനം ആലപിക്കുന്നു. അടുത്തിടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭൂപടം ബംഗ്ലാദേശ് പുറത്തിറക്കിയതിന്റെ വെളിച്ചത്തില്‍ ഇത്തരമൊരു പ്രവൃത്തി വളരെ ഗുരുതരമായ ഒന്നാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ പ്രത്യേകിച്ച് അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ പ്രകോപനപരമായ പ്രവൃത്തി കാണിച്ച അതേ രാജ്യത്തിന്റെ ദേശീയഗാനം തന്നെയാണ് അവര്‍ ആലപിക്കുന്നത്”, ഷെഹ്സാദ് പൂനാവാല പറഞ്ഞു.
New Delhi,New Delhi,Delhi
October 30, 2025 6:55 AM IST
