Leading News Portal in Kerala

Rashtriya Ekta Diwas Sardar@150 ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ; സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം | know about iron man of india sardar patel on his 150th birth anniversary Rashtriya Ekta Diwas | India


Last Updated:

സ്വാതന്ത്ര്യസമരസേനാനിയും രാജ്യത്തിന്റെ ഏകീകരണത്തില്‍ മുഖ്യ പങ്കാളിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജീവിതം ഓരോ ഭാരതീയനും അറിയേണ്ടതുണ്ട്

പട്ടേലിന്റെ സ്മരണയ്ക്കായി 181 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ കൂറ്റന്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി  2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമര്‍പ്പിച്ചിരുന്നു
പട്ടേലിന്റെ സ്മരണയ്ക്കായി 181 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ കൂറ്റന്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി 2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമര്‍പ്പിച്ചിരുന്നു

‘ഒരു രാഷ്ട്രം ഒരു ദര്‍ശനം’ എന്ന ആശയത്തില്‍ രാജ്യത്തെ പടുത്തുയര്‍ത്തിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150 ആം ജന്മവാര്‍ഷികം ഇന്ന് രാജ്യമാകെ ആഘോഷിക്കുകയാണ്. ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസമായി രാജ്യം ആചരിച്ചുവരുന്നു. ദേശീയ ഐക്യത്തിന്റെ ശില്പിയായ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ട പട്ടേലിന്റെ ജന്മദിനത്തില്‍ ഏകതാ ദിവസം ആചരിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ ശക്തിയും ഐക്യവും ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയാണ്. സ്വാതന്ത്ര്യസമരസേനാനിയും രാജ്യത്തിന്റെ ഏകീകരണത്തില്‍ മുഖ്യ പങ്കാളിയുമായ അദ്ദേഹത്തിന്റെ ജീവിതം ഓരോ ഭാരതീയനും അറിയേണ്ടതുണ്ട്.

ആരാണ് സർദാർ ?

1875 ഒക്ടോബര്‍ 31-ന് ഗുജറാത്തിലെ ആനന്ദില്‍ കരംസദ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തിലാണ് വല്ലഭായി പട്ടേല്‍ ജനിച്ചത്. അച്ഛന്‍ ജാബേര്‍ ഭായ് പട്ടേല്‍. അമ്മ ലാഡ്ബായി. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ഓരോ ഭാരതീയനും നെഞ്ചേറ്റിയ കാലമായിരുന്നതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പട്ടേല്‍ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി. അഭിഭാഷകവൃത്തിയിലൂടെ പൊതുജീവിതമാരംഭിച്ച പട്ടേല്‍ ഗാന്ധിജിയുടെ സ്വരാജ് എന്ന ആശയത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലേക്കിറങ്ങി. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ പടപൊരുതിയതോടെ അവരുടെ കണ്ണിലെ കരടായി. പിന്നീട് ജയലിലടയ്ക്കപ്പെട്ടു. ഇതൊന്നും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ തല്ലിക്കെടുത്താനായില്ല.രാജ്യം സാതന്ത്ര്യം നേടുന്നതില്‍ മുഖ്യ പങ്കുവഹിച്ച പട്ടേല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി.

വെറുതെ കൂട്ടിച്ചേർത്തതല്ല 565 നാട്ടുരാജ്യങ്ങൾ

സാതന്ത്ര്യലബ്ധിയുടെ നാളുകളില്‍ ഭാരതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ചിന്നിച്ചിതറിക്കിടന്ന നാട്ടുരാജ്യങ്ങള്‍.വ്യത്യസ്തമായ സംസ്‌ക്കാരങ്ങളും ഭാഷയും ജീവിതരീതികളും പിന്തുടര്‍ന്നിരുന്ന 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പട്ടേലായിരുന്നു. കരുത്തുറ്റ തീരുമാനങ്ങളുടേയും മികച്ച നയതന്ത്രത്തിന്റെയും വിജയമായിരുന്നു അത്.

ഒരൊറ്റ രാജ്യമെന്ന ആശയത്തില്‍ നിലകൊണ്ടപ്പോഴും ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ത്ത സംസ്ഥാനങ്ങള്‍ക്ക് മാന്യമായ സ്ഥാനവും അംഗീകാരവും നല്‍കുന്നതില്‍ പട്ടേല്‍ വിമുഖത കാട്ടിയില്ല. ശാന്തമായ സമീപനത്തിലൂടെയും പരസ്പരധാരണയിലൂടെയുമാണ് അത് സാധ്യമായത്. രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ അതായിരുന്നു. ആഗോളവും പ്രാദേശികവുമായി നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും ഇന്ത്യ പുരോഗതി നേടിയത് ഏകതയിലൂടെയാണ്. അത് പെട്ടന്ന് ഒരു ദിവസംകൊണ്ട് സാധിച്ചതല്ല. അത് പട്ടേലിന്റെ ദീര്‍ഘവീക്ഷണത്തില്‍ നിന്നും ഉടലെടുത്തതാണ്.അത് സംരക്ഷിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും കടമായാണ്. ബാഹ്യശക്തികളില്‍ നിന്നും എപ്പോഴെങ്കിലും അതിനെതിരെ വെല്ലുവിളികളുണ്ടായാല്‍ ഉറച്ച മനസോടെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് പട്ടേലിന്റെ ദര്‍ശനങ്ങള്‍ രാജ്യത്തെ പൗരന്‍മാരെ ഓര്‍മ്മപ്പെടുത്തുന്നു.

ഭൂമിശാസ്ത്രപരമായ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടു മാത്രം രാജ്യത്തിന്റെ ഐക്യം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം കരുതിയില്ല. ജനങ്ങളുടെ ജീവിതത്തിലും ചിന്തകളിലും ഐക്യം രൂപപ്പെടുത്തേണ്ടിയിരുന്നു. പിന്നീട് പട്ടേലിന്റെ ശ്രമങ്ങളിലൂടെ അത് വിജയം കണ്ടു. രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ഒരു അടിസ്ഥാനഘടന രൂപപ്പെടുത്തിയത് പട്ടേലാണ്.ആധുനിക സിവില്‍ സര്‍വീസ് സ്ഥാപിച്ചത് അദ്ദേഹമാണ്.

നാനാത്വത്തിലൂടെ ഏകത്വവും സ്ത്രീ ശാക്തീകരണവും

നൂറുകണക്കിന് ഭാഷയും വേഷവും സംസ്‌ക്കാരവും പാരമ്പര്യങ്ങളും ഉത്സവങ്ങളും വൈവിധ്യം തീര്‍ക്കുന്ന രാജ്യത്തിന്റെ ഐക്യം ഭൂപടത്തിലെ കൂട്ടിച്ചേര്‍ക്കലുകൊണ്ട് മാത്രം സാധ്യമല്ല. ഒരു ഇഴകൊണ്ട് നെയ്‌തെടുത്ത മനോഹരമായ വസ്ത്രം പോലെ ഐക്യം നിലനിര്‍ത്തിയാല്‍ മാത്രമേ രാജ്യം ശക്തമാകൂ. അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. സ്ത്രീശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. അതിന്റെ ഫലമെന്നോണം ഇന്നും പാരമ്പര്യത്തെ പോഷിപ്പിച്ചും സമൂഹത്തെ ബന്ധിപ്പിച്ചും സംസ്‌ക്കാരത്തെ സംരക്ഷിച്ചുകൊണ്ട് രാജ്യത്തെ സ്ത്രീകള്‍ ഐക്യത്തിന്‍െ അദൃശ്യ ശക്തികളായി നിലകൊള്ളുന്നു.

സമാധാനപരമായ അന്തരീക്ഷത്തിലൂടെ മാത്രമേ ഐക്യം നിലനിര്‍ത്താനാകൂ. സമാധാനം ഇല്ലെങ്കില്‍ വൈവിധ്യം വെറും വിഭജനമായി മാറുമെന്നായിരുന്നു പട്ടേലിന്റെ പക്ഷം. തൊട്ടുകൂടായ്മ,ജാതിവിവേചനം,മദ്യപാനം ഇവ രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തുമെന്ന് മനസിലാക്കിയ പട്ടേല്‍ അത് ഉച്ചാടനം ചെയ്യുന്നതിനു വേണ്ടി അശ്രാന്തം പരിശ്രമിച്ചു.അതിന്റെ തുടര്‍ച്ചയായി രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാന പൊലീസും രാജ്യത്തെ പോലീസ് സായുധ പൊലീസ് സേനകളും സമാധാനപരമായ അന്തരീക്ഷം പ്രദാനം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.

സ്റ്റാച്യൂ ഓഫ് യൂണിറ്റി

പട്ടേലിന്റെ സ്മരണയ്ക്കായി 181 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ കൂറ്റന്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി 2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമര്‍പ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമേറിയാണിത്. പട്ടേലിന്റെ പേരിലുള്ള .രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തണമെങ്കില്‍ സ്മാരകങ്ങള്‍ മാത്രം മതിയാവില്ല.ജനങ്ങളുടെ പ്രവര്‍ത്തിയിലൂടെയും ജീവിതത്തിലൂടെയും അത് നിലനിര്‍ത്തണമെന്ന ആശയം അദ്ദേഹം ജീവിതം കൊണ്ട് കാട്ടിത്തന്നു. 2019 ല്‍ തുടങ്ങിയ നാഷണല്‍ ഏകത അവാര്‍ഡ് ഉള്‍പ്പടെ അതിനെ പോഷിപ്പിക്കുന്നു.ഏകത പ്രതിജ്ഞകളും റണ്‍ ഫോര്‍ യൂണിറ്റി മാരത്തോണുകളും കമ്യൂണിറ്റി പരേഡുകളും ഐക്യം കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നു.

പട്ടേലിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍

പട്ടേല്‍ സ്വപ്‌നം കണ്ട ഒരു ഇന്ത്യ സാക്ഷാത്ക്കരിക്കാന്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളും വളരണം.ശക്തിയും ഐക്യവുമുള്ള ഇന്ത്യയ്ക്കു മാത്രമേ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മാന്യമായ സ്ഥാനം നേടാനാകൂ. രാജ്യത്തുണ്ടാകുന്ന ഭിന്നതകള്‍ വിദേശരാഷ്ട്രീയ മുതലെടുപ്പിന് കാരണമാകും.ഈ അവസരത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പട്ടേല്‍ നല്‍കിയ സന്ദേശം ഓര്‍ക്കേണ്ടതുണ്ട്. ഏതു മതമോ ജാതിയോ ആരുമാകട്ടെ,ഓരോ ഭാരതീയനും ഓര്‍ക്കേണ്ടത് ഒന്നു മാത്രം-ഞാന്‍ ഒരു ഇന്ത്യക്കാരനാണ്’;അതിര്‍ത്തികള്‍ ഒന്നാക്കുന്ന രാജ്യമല്ല,ഹൃദയം കൊണ്ടും സംസ്‌ക്കാരം കൊണ്ടും ഐക്യം നിലനിന്നുപോരുന്ന രാജ്യമാണ് രാഷ്ട്രീയ ഏകത ദിവസത്തിന്റെ ആചരണം കൊണ്ട് അര്‍ത്ഥമാക്കേണ്ടത്.

മലയാളം വാർത്തകൾ/ വാർത്ത/India/

Rashtriya Ekta Diwas Sardar@150 ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ; സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം