ഇന്ത്യൻ രാഷ്ട്രീയത്തിലെ 149 കുടുംബങ്ങൾ; കുടുംബ വാഴ്ചയിൽ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂർ| Shashi Tharoors Column Slams Nehru-Gandhi Family for Political Dynasty | India
Last Updated:
‘നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ശക്തിപകർന്നു’
കൊച്ചി: നെഹ്‌റു കുടുംബത്തെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍. ‘Indian Politics Are a Family Business’ എന്ന തലക്കെട്ടിൽ പ്രോജക്ട് സിൻഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂർ വിമർശനം ഉന്നയിക്കുന്നത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവരുൾപ്പെടുന്ന നെഹ്‌റു-ഗാന്ധി രാജവംശത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണ് എന്ന ആശയത്തിന് ഈ കുടുംബം ശക്തി പകരുകയും ചെയ്തു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും, എല്ലാ മേഖലകളിലും, എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്.
ശിവസേന, സമാജ് വാദി പാര്‍ട്ടി, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകന്‍ കെ ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന രീതി വരണം. ഇതിനായി വോട്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ ‘ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും തരൂര്‍ നല്‍കുന്നു.
ഈ പ്രതിഭാസം ഏതാനും ചില പ്രമുഖ കുടുംബങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; മറിച്ച്, ഗ്രാമ കൗൺസിലുകൾ മുതൽ പാർലമെന്റിന്റെ ഉന്നതതലങ്ങൾ വരെ ഇന്ത്യൻ ഭരണകൂടത്തിന്റെ ഘടനയിൽ ഇത് ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. അടുത്തിടെ നടത്തിയ ഒരു അന്വേഷണത്തിൽ വെളിപ്പെട്ടതനുസരിച്ച്, 149 കുടുംബങ്ങളെ ഒന്നിലധികം അംഗങ്ങൾ സംസ്ഥാന നിയമസഭകളിൽ പ്രതിനിധീകരിക്കുന്നുണ്ട്, കൂടാതെ 11 കേന്ദ്രമന്ത്രിമാർക്കും ഒമ്പത് മുഖ്യമന്ത്രിമാർക്കും കുടുംബബന്ധങ്ങളുണ്ട്. 2009ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു പഠനം വ്യക്തമാക്കുന്നത്, 45 വയസ്സിന് താഴെയുള്ള എം പിമാരിൽ മൂന്നിൽ രണ്ട് പേർക്കും രാഷ്ട്രീയത്തിൽ അടുത്ത ബന്ധുക്കൾ ഉണ്ടായിരുന്നു, കൂടാതെ ജൂനിയർ എംപിമാർ മിക്കവാറും എല്ലാവരും പാർലമെന്റ് സീറ്റ് അനന്തരാവകാശമായി നേടിയവരാണ്.
എല്ലാ പാർട്ടികളിലുമായി, 70% വനിതാ എം പിമാരും ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. മമത ബാനർജിയെയും കുമാരി മായാവതിയെയും പോലുള്ള നേരിട്ടുള്ള പിൻഗാമികൾ ഇല്ലാത്ത വനിതാ രാഷ്ട്രീയക്കാർ പോലും അവരുടെ അനന്തരാവകാശികളായി സഹോദരപുത്രന്മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
കുടുംബാധിപത്യങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമപരമായി നിര്‍ബന്ധിതമായ കാലാവധി ഏര്‍പ്പെടുത്തുന്നത് മുതല്‍ അര്‍ത്ഥവത്തായ ആഭ്യന്തര പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് വരെയുള്ള അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബവാഴ്ചാ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിവ്, പ്രതിബദ്ധത, അല്ലെങ്കില്‍ താഴെത്തട്ടിലുള്ള ഇടപെടല്‍ എന്നിവയേക്കാള്‍ പാരമ്പര്യത്തിനു പ്രാധാന്യം ലഭിക്കുമ്പോള്‍, ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയ്ക്കുന്നു.
ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്‌റു കുടുംബത്തിന് എതിരെ ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. കുടുംബവാഴ്ചയുടെ പേരിലാണ് ബിജെപി തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. സമാനമായ ആക്ഷേപമാണ് തരൂരും ഇത്തവണ ഉയര്‍ത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
New Delhi,New Delhi,Delhi
November 03, 2025 2:12 PM IST
