‘വോട്ട് മോഷണം നടന്നിട്ടില്ല, എന്റെ വോട്ട് ചെയ്തത് ഞാന്‍ തന്നെ’; ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയുള്ള കാര്‍ഡിലെ സ്ത്രീ| Woman named in Rahul Gandhis presser with Brazilian models photo Claims she cast her own Vote | India
Last Updated:
ബ്രസീലിയന്‍ മോഡലിനോട് സാമ്യമുള്ള ചിത്രം പതിച്ചതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ കാര്‍ഡുള്ള സ്ത്രീകളിലൊരാളായ പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചത്
ചണ്ഡീഗഢ്: ഹരിയാനയില്‍ 25 ലക്ഷം വോട്ടുകൾ കവർന്നതായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഒന്നിലധികം വോട്ടര്‍ കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതു കാണിക്കാനായി രാഹുല്‍ പ്രദര്‍ശിപ്പിച്ച വോട്ടര്‍ ഐഡികളില്‍ ഒന്നിന്റെ ഉടമയായ സ്ത്രീ കള്ളവോട്ട് നടന്നു എന്ന ആരോപണം നിഷേധിച്ച് രംഗത്തെത്തി.
ബ്രസീലിയന്‍ മോഡലിനോട് സാമ്യമുള്ള ചിത്രം പതിച്ചതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ കാര്‍ഡുള്ള സ്ത്രീകളിലൊരാളായ പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചത്. ‘വോട്ട് മോഷണം’ എന്ന വാദം അടിസ്ഥാനരഹിതമാണെന്നും തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും യുവതി ഇന്ത്യാ ടുഡേയോട് പറഞ്ഞു. തന്റെ വോട്ടര്‍ ഐഡിയിലെ ഫോട്ടോയില്‍ നേരത്തേ തന്നെ പിശകുണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും തിരുത്തിയ കാര്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പിങ്കി പറഞ്ഞു.
‘2024ല്‍ ഞാന്‍ നേരിട്ടുപോയാണ് വോട്ട് ചെയ്തത്. ഇവിടെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ആദ്യം ലഭിച്ച വോട്ടര്‍കാര്‍ഡില്‍ ചിത്രം മാറിപ്പോയിരുന്നു. എന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ അത് ഉടനടി തിരികെ നല്‍കി. പക്ഷേ ഇതുവരെയും തിരുത്തിയ കാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ എന്റെ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് ഞാന്‍ വോട്ട് ചെയ്തത്.’
‘തെറ്റ് ബിഎല്‍ഒയുടെയോ തിരഞ്ഞെടുപ്പ് ഓഫീസിന്റെയോ ഭാഗത്തായിരിക്കണം. അതെങ്ങനെ എന്റെ തെറ്റാകും? ഈ തെറ്റ് ആദ്യമായി സംഭവിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.’ പിങ്കി പറഞ്ഞു. പിങ്കി നേരിട്ടാണ് വോട്ട് ചെയ്തതെന്നും അതുകൊണ്ടുതന്നെ തെറ്റ് തങ്ങളുടെ ഭാഗത്തല്ല എന്നും അവരുടെ ഭര്‍തൃസഹോദരനും പറയുന്നു.
ഇതേ മോഡലിന്റെ ഫോട്ടോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു സ്ത്രീയായ മുനീഷ് ദേവിയുടെ ഭര്‍തൃസഹോദരനും മുന്നോട്ടുവന്നു. മുനീഷ് ദേവി ഇപ്പോള്‍ സോനിപത്തിലാണ് താമസിക്കുന്നതെങ്കിലും, അവര്‍ കുടുംബമായി മക്രോലി ഗ്രാമത്തിലെ അവരുടെ തറവാട്ടു വീട്ടില്‍ നിന്നാണ് വോട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ന് എനിക്ക് തിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു; അവര്‍ മുനീഷിന്റെ വോട്ടര്‍ കാര്‍ഡ് അയക്കാന്‍ ആവശ്യപ്പെട്ടു, ഞാന്‍ അത് അയച്ചിട്ടുണ്ട്. ഞാന്‍ എന്റെ അമ്മയെയും നാത്തൂനെയും ഒരുമിച്ചാണ് വോട്ട് ചെയ്യിക്കാന്‍ കൊണ്ടുവന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ അവര്‍ സ്വന്തമായാണ് വോട്ട് ചെയ്തത്. അല്ലാതെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ഞങ്ങളുടെ കുടുംബം വോട്ട് വിറ്റിട്ടില്ല. തെറ്റ് ഡാറ്റാ ഓപ്പറേറ്റര്‍മാരുടേതാണ്, ഞങ്ങളുടേതല്ല.’ അദ്ദേഹം പറഞ്ഞു.
New Delhi,New Delhi,Delhi
November 06, 2025 7:07 AM IST
‘വോട്ട് മോഷണം നടന്നിട്ടില്ല, എന്റെ വോട്ട് ചെയ്തത് ഞാന്‍ തന്നെ’; ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയുള്ള കാര്‍ഡിലെ സ്ത്രീ
