‘പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ മനുഷ്യന്‍, സുഹൃത്ത്’; അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചനയുമായി ട്രംപ്|Trump says Prime Minister Narendra Modi is a great man and friend, hints he will visit India next year | India
Last Updated:
പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി ഒരു മഹാനായ മനുഷ്യനാണെന്നും തന്റെ സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം സൂചന നൽകി.
ശരീരഭാരം കുറയ്ക്കുന്ന മുരുന്നുകളുകളുടെ വില കുറയ്ക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി അവതരിപ്പിച്ച ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
”അദ്ദേഹം റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് വളരെയധികം കുറച്ചു, ട്രംപ് അവകാശപ്പെട്ടു. അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. നമുക്ക് അത് മനസ്സിലാകും, ഞാൻ പോകും. പ്രധാനമന്ത്രി മോദി ഒരു മഹാനായ വ്യക്തിയാണ്. ഞാൻ ഇന്ത്യയിലേക്ക് പോകും,” ട്രംപ് പറഞ്ഞു.
അടുത്ത വർഷം ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയുണ്ടോയെന്ന് മാധ്യമപ്രവർത്തകർ നേരിട്ട് ചോദിച്ചപ്പോൾ ‘അതെ’ എന്നാണ് ട്രംപ് മറുപടി നൽകിയത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന വേളയിലാണ് ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയം. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഉൾപ്പെടെ 50 ശതമാനം താരിഫ് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾ.
ഈ ആഴ്ച ആദ്യം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ട്രംപിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു പറഞ്ഞിരുന്നു. ”ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് പ്രസിഡന്റിന് പോസിറ്റീവ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ശക്തമാകുമെന്ന് കരുതുന്നു,” അവർ പറഞ്ഞു. വൈറ്റ് ഹൗസിൽ മുതിർന്ന ഇന്തോ-അമേരിക്കൻ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായും ലീവിറ്റ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ട്രംപ് അടുത്തിടെ എടുത്തുപറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ തന്റെ ഏഷ്യൻ പര്യടനത്തിനിടെ അദ്ദേഹം പ്രശംസിച്ചിരുന്നു. മോസ്‌കോയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ നിയന്ത്രിക്കുകയോ നിർത്തുകയോ ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയുടെ ഊർജസ്രോതസ്സുകൾ സംബന്ധിച്ച തീരുമാനങ്ങൾ ദേശീയ താത്പര്യങ്ങൾക്കനുസൃതമായി എടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം ട്രംപിന് മറുപടിയായി പറഞ്ഞു. ”ഇന്ത്യ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഞങ്ങൾ സ്ഥിരമായ മുൻഗണന നൽകുന്നു. ഈ ലക്ഷ്യത്താലാണ് രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ മുന്നോട്ട് പോകുന്നത്,” ട്രംപിന്റെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യവക്താവ് രൺധീർ ജയ് വാൾ പറഞ്ഞു. ഊർജവിതരണം ഉറപ്പാക്കുകയും ഉപഭോക്തക്കൾക്ക് സ്ഥിരതയുള്ള വില ഉറപ്പാക്കുകയുമാണ് ഇന്ത്യയുടെ സമീപനമെന്ന് ജയ്‌സ്‌വാൾ ഊന്നിപ്പറഞ്ഞു.
New Delhi,New Delhi,Delhi
November 07, 2025 10:11 AM IST
‘പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ മനുഷ്യന്‍, സുഹൃത്ത്’; അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചനയുമായി ട്രംപ്
