Leading News Portal in Kerala

ഡൽഹി സ്ഫോടനം;10 പേർ മരിച്ചു: ഊഹാപോഹങ്ങളിലേക്ക് പോകരുതെന്ന് അമിത് ഷാ; കേരളത്തിലടക്കം അതീവ ജാ​ഗ്രത | Delhi Red Fort Blast ten people have died as high alert has been issued, including in Kerala | India


Last Updated:

സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും അമിത് ഷാ നിർദേശം നൽകി

News18
News18

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിൽ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചിരുന്നു. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണെന്ന് അമിത് ഷാ പറഞ്ഞു. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ കൂടുതൽ ഊഹാപോഹങ്ങളിലേക്ക് പോകരുതെന്നും അമിത് ഷാ വ്യക്തമാക്കി.

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു കാർ മെട്രോ സ്‌റ്റേഷന് സമീപത്ത് റെഡ് സിഗ്നലിൽ എത്തുകയും പിന്നീട് 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാർ പൊട്ടിത്തെറിച്ച് തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.