ഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; വിമാനത്താവളത്തിന് സമീപം പൊലീസ് പരിശോധന | Blast-Like sound reported near radisson hotel close to delhi airport | India
Last Updated:
നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നതിനിടയിലാണ് ഈ സംഭവം
ഡൽഹി: ഡൽഹിയിലെ വിമാനത്താവളത്തിന് അടുത്തുള്ള മഹിപാൽപൂർ പ്രദേശത്ത് സ്ഫോടനത്തിന് സമാനമായ ശബ്ദം. റാഡിസൺ ഹോട്ടലിന് സമീപമാണ് ശബ്ദം കേട്ടതെന്നാണ് വിവരം. രാവിലെ 9.18നാണ് ഇതുസംബന്ധിച്ച വിവരം ഫയർഫോഴ്‌സിന് ലഭിച്ചത്. ഉടൻ തന്നെ ഫയർ എൻജിനുകളും ഡൽഹി പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ, വിശദമായ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്ത് നടത്തിയ പ്രാദേശിക അന്വേഷണത്തിൽ, ധൗള കുവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ഡിടിസി ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതാണ് ശബ്ദത്തിന് കാരണമെന്ന് ഒരു ഗാർഡ് അറിയിച്ചു. സ്ഥിതിഗതികൾ സാധാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.
നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്. ചെങ്കോട്ടയിലെ ലാൽ ഖില മെട്രോ സ്റ്റേഷന് സമീപം ചാവേർ ഉമർ നബി ഓടിച്ച ഹ്യുണ്ടായ് i20 കാർ പൊട്ടിത്തെറിച്ച സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു. ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ ഇന്നലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
November 13, 2025 11:20 AM IST
