തിരുപ്പതി ഭണ്ഡാര തട്ടിപ്പ് കണ്ടെത്തിയ മുന്‍ വിജിലന്‍സ് ഓഫീസർ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി Former medical officer who uncovered Tirupati scam found dead on railway tracks | India
Last Updated:
ഭണ്ഡാര തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായി മുൻ വിജിലൻസ് ഓഫീസർ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയതായി ആരോപണം ഉയർന്നിരുന്നു
തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്വം മുൻ വിജിലൻസ് ഓഫീസർ വൈ സതീഷ് കുമാറിനെ റെയിൽവെ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാദമായ തിരുപ്പതി ഭണ്ഡാര തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ്. ഗുണ്ടുകൽ ജിആർപിയിലെ സർക്കിൾ ഇൻസ്‌പെക്ടറും തിരുമല തിരുപ്പതി ദേവസ്വത്തിലെ(ടിടിഡി) മുൻ അസിസ്റ്റന്റ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുമായിരുന്നു(എവിഎസ്ഒ) അദ്ദേഹം. അനന്തപുർ ജില്ലയിലെ തടിപത്രിയിലെ റെയിൽവേ ട്രാക്കിൽ വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭണ്ഡാര തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സി.വി. രവി കുമാറുമായി ഇയാൾ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയതായി ആരോപണം ഉയർന്നിരുന്നു.
സതീഷ് കുമാറിന്റെ ശരീരത്തിലും മുഖത്തും മുറിവുകൾ ഉണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജീവനൊടുക്കിയതാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അവർ പറഞ്ഞു.
തിരുപ്പതി ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ എം ശ്രീനിവാസുലു ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയെ തുടർന്ന് ഭണ്ഡാര അഴിമതി കേസിലെ 2023ൽ തയ്യാറാക്കിയ ലോക് അദാലത്ത് ഒത്തുതീർപ്പ് കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.
ഡിസംബർ രണ്ടിനകം വിശദമായ അന്വേഷണം നടത്തി കണ്ടെത്തലുകൾ സമർപ്പിക്കാൻ ഡിജിപി-സിഐഡി, ഡിജിപി-എസിബി എന്നിവരോട് കോടതി നിർദേശിച്ചിരുന്നു.
ഭണ്ഡാര അഴിമതി കേസിൽ ആദ്യം പരാതി നൽകിയയാളാണ് സതീഷ് കുമാർ. 2023 ഏപ്രിൽ 29ന് രവി കുമാർ ഭണ്ഡാരത്തിൽ നിന്ന് 900 യുഎസ് ഡോളർ(ഏകദേശം 79,000 രൂപ)മോഷ്ടിച്ചത് സതീഷ് കുമാർ കൈയ്യോടെ പിടികൂടിയിരുന്നു. എന്നാൽ 2023 സെപ്റ്റംബർ 9ന് സതീഷ് കുമാർ ലോക് അദാലത്തിൽവെച്ച് രവി കുമാറുമായി ഒത്തുതീർപ്പ് കരാറിലെത്തി. ഇതോട് കേസ് തീർപ്പാക്കുകയും രവി കുമാറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
2023 മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രവികുമാറില്‍ നിന്ന് തിരുപ്പതി ട്രസ്റ്റ് 14 കോടി രൂപ വിലമതിക്കുന്ന(ഏകദേശം 40 കോടി രൂപ വിപണി മൂല്യമുള്ളത്) ഏഴ് സ്വത്തുക്കള്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പായത്.
Hyderabad,Telangana
November 15, 2025 2:51 PM IST
തിരുപ്പതി ഭണ്ഡാര തട്ടിപ്പ് കണ്ടെത്തിയ മുന്‍ വിജിലന്‍സ് ഓഫീസർ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
