Red Fort Blast |ഡോ. ഉമർ നബിയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു Red Fort Blast Dr Umar Nabis close aide arrested by NIA | India
Last Updated:
സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ അറസ്റ്റിലായ ആളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ഡോ. ഉമർ നബയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു.ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ അമീർ റാഷിദ് അലി എന്നയാളെയാണ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി അമീർ ഡൽഹിയിലേക്ക് പോയിരുന്നുവെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി.പുൽവാമയിലെ സാംബൂറ ഗ്രാമത്തിലുള്ള അമീർ റാഷിദ് അലിയുടെ വസതിയിൽ ഒന്നിലധികം തവണ അന്വേഷണ സംഘം പരിശോധന നടത്തി.അമീറിന്റെ സഹോദരൻ നിലവിൽ ജമ്മു കശ്മീർ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം, ഐഇഡി നിറച്ച കാറിലുണ്ടായിരുന്നത് പുൽവാമ നിവാസിയും ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഉമർ ഉൻ നബി തന്നെയാണെന്ന് ഫോറൻസിക് പരിശോധനയുടെ ഫലത്തിൽ നിന്ന് വ്യക്തമായതായും എൻഐഎ പറഞ്ഞു.
നബിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും അന്വേഷണ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകൾക്കായി വാഹനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേർ ഉൾപ്പെടെ 73 സാക്ഷികളെ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ ചോദ്യം ചെയ്തു.
സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായി ഡൽഹി , ജമ്മു കശ്മീർ , ഹരിയാന , ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പോലീസ് സേനയും, മറ്റ് കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എൻഐഎ അറിയിച്ചു.അതേസമയം, ദേശീയ തലസ്ഥാനത്തെ പ്രധാന മേഖലകളിൽ ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
New Delhi,Delhi
November 16, 2025 8:05 PM IST
