സൗദി ബസ് ദുരന്തം: അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാര്? എങ്ങനെയാണ് ദുരന്തത്തെ അതിജീവിച്ചത്? | Saudi bus tragedy who is the ione survivor of the crash | India
Last Updated:
അപകടമുണ്ടായ സമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറങ്ങുകയായിരുന്നു
തിങ്കളാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ മെക്ക-മദീന ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറിലിടിച്ചുണ്ടായ അപകടത്തിൽ 42 ഇന്ത്യക്കാർ മരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി ഇന്ത്യക്കാരനായ 24 വയസ്സുള്ള മുഹമ്മദ് അബ്ദുൾ ഷോയിബാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30നാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അടുത്തായിരുന്നു ഷോയിബ് ഇരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാഹനങ്ങൾ കൂട്ടിയിടിച്ച് മിനിറ്റുകൾക്കുള്ളിൽ വലിയ തീപിടിത്തമുണ്ടാകുകയും ബസ് കത്തി നശിക്കുകയും ചെയ്തു. ജീവനോടെ കണ്ടെത്തിയ ഷോയിബിനെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരം ലഭ്യമല്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മെക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ബസിൽ ഏകദേശം 46 പേരാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. അപകടമുണ്ടായ സമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറങ്ങുകയായിരുന്നു. തീ വേഗത്തിൽ ആളിപ്പടരുകയും യാത്രക്കാർക്കും രക്ഷപ്പെടാനുള്ള വഴി അടയുകയും ചെയ്തു. ഇത് രക്ഷാപ്രവർത്തനത്തിനും ആളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾക്കും തടസ്സമായി.
മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നുവെന്നും അവരെല്ലാവരും ഹൈദരാബാദ് സ്വദേശികളാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബസിലുണ്ടായിരുന്ന 40 ലധികം പേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരിക്കാമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന കാര്യത്തിൽ സൗദി അറേബ്യ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. നിരവധി യാത്രക്കാർ ചെറിയ ഗ്രൂപ്പുകളായി യാത്ര ചെയ്തിരുന്നു. പലരും ഒരുമിച്ച് ഉംറ ചെയ്യുന്ന വിപുലമായ സംഘത്തിൽപ്പെട്ടവരായിരുന്നു.
റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ ഉദ്യോഗസ്ഥർ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, പ്രാദേശിക അധികൃതകർ, ബന്ധപ്പെട്ട ഉംറ ഓപ്പറേറ്റർമാർ എന്നിവരുമായി നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നു. ദുരന്തത്തിൽ ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനായി കോൺസുലേറ്റ് ജീവനക്കാരുടെയും ഇന്ത്യൻ കമ്യൂണിറ്റി വളണ്ടിയർമാരുടെയും ഒരു സംഘം ആശുപത്രികളിലും അപകടസ്ഥലത്തും സജീവമായി രംഗത്തുണ്ട്.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ റഷ്യൻ സന്ദർശനത്തിലാണ് അദ്ദേഹം. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് പൂർണപിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.
ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഹൈദരാബാദ് സ്വദേശികളാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു. അപകടത്തെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ശേഖരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ചീഫ് സെക്രട്ടറിയും സംസ്ഥാന ഡിജിപിയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയും സൗദി എംബസിയെയും ബന്ധപ്പെടുകയും അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നതിന് ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ തെലങ്കാന സെക്രട്ടറിയേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
റിയാദിലെ ഇന്ത്യൻ എംബസിയുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ന്യൂഡൽഹിയിലെ തെലങ്കാന ഭവൻ ഒരു പ്രത്യേക സംവിധാനം തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എത്ര പേർ ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനും ബന്ധുക്കളെ വിവരങ്ങൾ അറിയിക്കുന്നതിനും മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ദാരുണമായ ബസ് അപകടത്തിൽ തെലങ്കാന മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടം വളരെ നിർഭാഗ്യകരവും ഹൃദയഭേദകവുമാണ് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇരകളിൽ ഓരോ കുടുംബത്തിലെയും ഒരു അംഗത്തിനെങ്കിലും സഹായത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
November 17, 2025 8:08 PM IST
