Leading News Portal in Kerala

ബീഹാറിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള ബിജെപി ലക്ഷ്യമിടുന്നത് എന്ത്? | What does BJP aim after rising MLA count | India


അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി ബിജെപി എംഎല്‍എമാരുടെ എണ്ണം 1,800 കടക്കുമെന്ന് പ്രവചിച്ചുകൊണ്ട് അമിത് മാളവ്യ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്ന വിശകലനങ്ങള്‍ പങ്കുവെച്ചത്.

പോസ്റ്റിൽ ബിജെപിയുടെ വളര്‍ച്ചയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രപരമായ ഉന്നതിയുമായി അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. ഈ വേഗതയിലാണ് ബിജെപിയുടെ കുതിപ്പെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1800 സീറ്റുകള്‍ ബിജെപി എളുപ്പത്തില്‍ മറികടക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ വമ്പിച്ച സഹതാപ തരംഗത്തില്‍ 1985-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 2018 എംഎല്‍എമാരുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു, മാളവ്യ വിശദമാക്കി.

1980-കളിലെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അധികാരം ഉറപ്പിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനും കോണ്‍ഗ്രസിനെ സഹായിച്ചുവെന്നും മാളവ്യ വാദിച്ചു. ബിജെപിയുടെ വളര്‍ച്ച ഘട്ടംഘട്ടമായി നേടിയതാണെന്നും അത് സ്ഥിരതയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് ദേശീയ പാര്‍ട്ടികളുടെ രാഷ്ട്രീയ മുന്നേറ്റം തമ്മിലുള്ള വ്യക്തമായ താരരതമ്യവും അദ്ദേഹം പങ്കുവെച്ചു. ബിജെപിയുടെ വളര്‍ച്ച സ്ഥായിയായ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

ഇരു പാര്‍ട്ടികളുടെയും വളര്‍ച്ച സംബന്ധിച്ച വ്യത്യാസം വളരെ വ്യക്തമാണെന്നും അദ്ദേഹം കുറിച്ചു. “കോണ്‍ഗ്രസ് അതിന്റെ ഉന്നതിയിലെത്തി. ബിജെപി അതിന്റെ വളര്‍ച്ച ഓരോ സീറ്റുകളിലൂടെയും സംസ്ഥാനങ്ങളിലൂടെയും പോരാട്ടത്തിലൂടെയും നേടിയെടുത്തു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനത്തിലാണ്, അത് പാരമ്പര്യത്തില്‍ അതിജീവിക്കുന്ന ഒന്നല്ല”, മാളവ്യ എക്‌സില്‍ കുറിച്ചു.

2014 മുതല്‍ ബിജെപി എംഎല്‍എമാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇത് സംസ്ഥാനതലത്തില്‍ പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന തെരഞ്ഞെടുപ്പ് സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.

2014-ല്‍ 1,035 നിയമസഭാംഗങ്ങളില്‍ ആയിരുന്നു ബിജെപിയുടെ തുടക്കം. 2015-ല്‍ ഇത് 997 ആയി കുറഞ്ഞെങ്കിലും 2016-ല്‍ 1,053-ലേക്ക് പ്രാതിനിധ്യം ഉയര്‍ന്നു. 2017 1,365 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായി. പിന്നീട് 2018-ല്‍  1,184, 2019-ല്‍ 1,160, 2020-ല്‍ 1,207 എന്നിങ്ങനെ എംഎല്‍എമാരുടെ എണ്ണം മാറിമറിഞ്ഞു. 2021-ല്‍ 1,278 എംഎല്‍എമാരുണ്ടായി. 2022-ല്‍ ഇത് 1,289-ലേക്കും 2023-ല്‍ 1,441 ലേക്കും ഇത് ഉയര്‍ന്നു. 2024-ലെ കണക്ക് പ്രകാരം 1,588 എംഎല്‍എമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. 2025-ല്‍ 1,654 നിയമസഭാംഗങ്ങളെ പാര്‍ട്ടി നേടി. സംസ്ഥാന നിയമസഭകളില്‍ പാര്‍ട്ടിക്കുണ്ടായിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്.

ഈ കണക്കുകള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ കാണിക്കുന്നു. പ്രത്യേകിച്ചും സമീപ വര്‍ഷങ്ങളില്‍ ഉണ്ടായ മുന്നേറ്റം അതിശയകരമാണ്. ബീഹാര്‍ തെരഞ്ഞെടുപ്പോടെ ഈ ആവേശം ഒന്നുകൂടി ശക്തമായി. 202 സീറ്റാണ് സംസ്ഥാനത്ത് എന്‍ഡിഎ സഖ്യം നേടിയത്. 89 സീറ്റ് ബിജെപി നേടി. ഭാവിയിലെ തെരഞ്ഞെടുപ്പുകളിലേക്കുള്ള ഊര്‍ജ്ജം കൂടിയാണ് ബിജെപിയെ സംബന്ധിച്ച് ഈ കണക്കുകള്‍.