Leading News Portal in Kerala

ഫരീദാബാദ് അല്‍ ഫലാ സർവകലാശാലയ്ക്ക് ജയ്പൂര്‍, അഹമ്മദാബാദ് സ്‌ഫോടന കേസുകളുമായും ബന്ധം | Faridabad Al Falah University Under Probe for Links to Jaipur and Ahmedabad Blast Cases | India


ഗൊരഖ്പൂര്‍, അഹമ്മദാബാദ്, ജയ്പൂര്‍ സ്‌ഫോടന പരമ്പര കേസുകളില്‍ ഉള്‍പ്പെട്ട മിര്‍സ ഷദാബ് ബെയ്ഗും അല്‍ ഫലാ സര്‍വകലാശാലയില്‍ പഠിച്ചിരുന്നു. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനിലെ പ്രധാന അംഗമാണ് ഇയാള്‍. ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നുള്ള ബെയ്ഗ് 2007-ലാണ് സർവകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിടെക് ബിരുദം പൂർത്തിയാക്കിയത്.

അതായത്, ഡല്‍ഹി സ്‌ഫോടന കേസ് പ്രതി ഡോ. ഉമര്‍ നബി സര്‍വകലാശാലയുമായി ബന്ധമുള്ള ആദ്യത്തെ തീവ്രവാദിയല്ലെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

2008-ല്‍ ജയ്പൂര്‍ സ്‌ഫോടന പരമ്പരയ്ക്കുള്ള സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ പ്രതി കര്‍ണാടകയിലെ ഉഡുപ്പി സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉഡുപ്പിയില്‍ വച്ച് ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായ റിയാസ് ഭട്കലിനും യാസിന്‍ ഭട്കലിനും ബെയ്ഗ് ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് പഠിച്ച ബെയ്ഗിന് ബോംബ് നിര്‍മ്മിക്കുന്നതിന്റെ എല്ലാ സാങ്കേതിക വശങ്ങളും പരിചയമുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

അഹമ്മദാബാദ് സ്‌ഫോടനത്തിന് 15 ദിവസം മുമ്പ് ബെയ്ഗ് ഗുജറാത്തിലെത്തി അവിടം സന്ദര്‍ശിച്ചിരുന്നു. ഖയാമുദ്ദീന്‍ കപാഡിയ, മുജീബ് ഷെയ്ഖ്, അബ്ദുള്‍ റാസിഖ് എന്നിവരുമായി ചേര്‍ന്ന് അവിടെ മൂന്ന് ടീമുകള്‍ രൂപീകരിച്ചു. ആതിഫ് അമീന്‍, മിര്‍സ ഷദാബ് ബെയ്ഗ് എന്നിവരും ഈ ടീമുകളുടെ ഭാഗമായിരുന്നു.

ഭീകരാക്രമണങ്ങള്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ബെയ്ഗ് ഒരുക്കി. സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് അയാള്‍ ബോംബുകള്‍ തയ്യാറാക്കുകയും മറ്റ് ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഇയാളെ പിടികൂടാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പ്രതി ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. 2019-ല്‍ ഇയാളെ അഫ്ഗാനിസ്ഥാനില്‍ കണ്ടെത്തിയിരുന്നു. ബെയ്ഗിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

2007-ലാണ് ഗൊരഖ്പൂരില്‍ സ്‌ഫോടനം നടന്നത്. ഒരു ഷോപ്പിംഗ് ഏരിയയില്‍ ലഞ്ച് ബോക്‌സുകളില്‍ നിറച്ച ബോംബുകള്‍ സൈക്കിളുകളില്‍ ഉപേക്ഷിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ചെറിയ ഇടവേളകളിലായി ഇവ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റു.

ഒരു വര്‍ഷത്തിനുശേഷം 2008 മേയ് 13-ന് വിനോദസഞ്ചാര കേന്ദ്രമായ ജയ്പൂരിലുടനീളം ഒമ്പത് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. 60-ലധികം പേര്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം ജൂലായ് 26-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ വിവിധ മേഖലകളില്‍ 70 മിനുറ്റിനുള്ളില്‍ 20 ബോംബുകള്‍ പൊട്ടിത്തെറിച്ചു. 50 ലധികം പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

നിരോധിത ഇസ്ലാമിക് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സിമിയുടെ ഭാഗമായ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് അവകാശപ്പെട്ടു.