എസ്‌ഐആർ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മമത ബാനർജിയുടെ കത്ത്; വോട്ട് നഷ്ടപ്പെടുമെന്നുള്ള ഭയമെന്ന് ബിജെപി Mamata Banerjees letter to Election Commission demanding Halt of SIR BJP says fear of losing votes | India
Last Updated:
എസ്ഐആർ അങ്ങേയറ്റം ആശങ്കാജനകമാണെന്നും പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അപകടത്തിലാക്കുന്ന തരത്തിൽ ആസൂത്രിതമല്ലാത്തതും നിർബന്ധിതവുമായ രീതിയിലാണ് നടത്തുന്നതെന്നും മമതാ ബാനർജി
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ്ഐആർ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തെഴുതി. എസ്ഐആർ അങ്ങേയറ്റം ആശങ്കാജനകമാണെന്നും പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അപകടത്തിലാക്കുന്ന തരത്തിൽ ആസൂത്രിതമല്ലാത്തതും നിർബന്ധിതവുമായ രീതിയിലാണ് ഈ പ്രക്രിയ നടക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച കത്തിൽ മമത ബാനർജി ചൂണ്ടിക്കാട്ടി.
പരിശീലനത്തിലെ നിർണായകമായ വിടവുകൾ, നിർബന്ധിത രേഖകളുടെ ആശയക്കുഴപ്പം, ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) ജോലിസമയത്ത് വോട്ടർമാരെ കാണാൻ കഴിയാത്ത അവസ്ഥ എന്നിവയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. അതുകൊണ്ടു തന്നെ എസ്ഐആർ നിർത്തിവച്ച് ശരിയായ പരിശീലനവും പിന്തുണയും നൽകുന്നതിന്, നിലവിലെ രീതികളും സമയക്രമവും സമഗ്രമായി പുനഃപരിശോധിക്കാൻ നിർണ്ണായകമായി ഇടപെടണമെന്നും കത്തിൽ മമതാ ബാനർജി ആവശ്യപ്പെട്ടു.
എസ്‌ഐആറുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദം കാരണം ജൽപൈഗുരിയിൽ ബിഎൽഒ ആയിരുന്ന അംഗൻവാടി ജീവനക്കാരി ജീവനൊടുക്കിയ സംഭവവും മമതാ ബാനർജി കത്തിൽ ചൂണ്ടിക്കാട്ടി. എസ്ഐആർ ആരംഭിച്ചതിനുശേഷം ബംഗാളിൽ നിരവധി പേർ മരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും ജനാധിപത്യ ചട്ടക്കൂടിന്റെയും സമഗ്രത സംരക്ഷിക്കുന്നതിന് ഇടപെടൽ അനിവാര്യവുമാണ് ഇലക്ഷൻ കമ്മിഷനയച്ച കത്തിൽ മമതാ ബാനർജി പറഞ്ഞു.
അതേ സമയം, തൃണമൂൽ കോൺഗ്രസിന് വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയാണ് മമത ബാനർജിയുടെ കത്തിന് പിന്നിലെന്ന് ബിജെപി വിമർശച്ചു. വർഷങ്ങളായി, തൃണമൂൽ കോൺഗ്രസ് അനധികൃത നുഴഞ്ഞുകയറ്റത്തിൽ നിന്നും വ്യാജ വോട്ടർമാരിൽ നിന്നും നിശബ്ദമായി നേട്ടമുണ്ടാക്കിയെന്നും ഇപ്പോൾ എസ്‌ഐആർ വഴി വോട്ടർ പട്ടിക പരിഷ്കരിക്കുകയും വ്യാജ എൻട്രികൾ നീക്കം ചെയ്യുകയും ചെയ്യുന്നതിനാൽ, മമത പരിഭ്രാന്തിയിലാണെന്നും , തങ്ങളെ അധികാരത്തിൽ നിലനിർത്തിയ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനാണ് ടിഎംസിയുടെ ശ്രമമെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
November 20, 2025 8:22 PM IST
എസ്ഐആർ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മമത ബാനർജിയുടെ കത്ത്; വോട്ട് നഷ്ടപ്പെടുമെന്നുള്ള ഭയമെന്ന് ബിജെപി
