ശ്രേയസി സിംഗ്; സ്വർണ്ണ മെഡൽ ജേതാവായ ഷൂട്ടർ ബീഹാര്‍ മന്ത്രിസഭയിലേക്ക് | Meet Shreyasi Singh, ace shooter and a gold medalist, now Bihar’s new minister | India
Last Updated:
2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ശ്രേയസി
ബിജെപി നേതാവായ ശ്രേയസി സിംഗ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ മന്ത്രിസഭയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം തന്നെ വിജയിപ്പിച്ച ജാമുയിയിലെ ജനങ്ങളോട് അവര്‍ നന്ദി പറഞ്ഞു. ബീഹാര്‍ മന്ത്രിസഭയില്‍ യുവാക്കളും പരിചയസമ്പന്നരായ നേതാക്കളും ഉള്‍പ്പെടുന്നതായും അവര്‍ അറിയിച്ചു.
തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് ശ്രേയസി സിംഗ് ജാമുയിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. സ്വര്‍ണ മെഡല്‍ ജേതാവായ ഷൂട്ടര്‍ ശ്രേയസി സിംഗ് ബീഹാര്‍ മന്ത്രിസഭയിലെ പുതിയ മുഖമാണ്. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് മുഹമ്മദ് ഷംഷാദ് ആലമിനെതിരെ മത്സരിച്ചാണ് ശ്രേയസി മന്ത്രിസഭയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
2020-ലെ തിരഞ്ഞെടുപ്പില്‍ ശ്രേയസി ആര്‍ജെഡിയുടെ വിജയ് പ്രകാശിനെ 13,026 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. പ്രകാശിന് 66,577 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രേയസി 79,603 വോട്ടുകള്‍ നേടി.
ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് ശ്രേയസി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുകയും ലോക്‌സഭയിലും രാജ്യസഭയിലും അംഗമാകുകയും ചെയ്ത ദിഗ്‍വിജയ് സിംഗിന്റെ മകളാണ് ശ്രേയസി. അവരുടെ അമ്മ പുതുല്‍ കുമാരിയും മുന്‍ പാര്‍ലമെന്റ് അംഗമായിരുന്നു.
2018-ല്‍ മാനവ് രച്‌ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് ശ്രേയസി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഇവര്‍ക്ക് 7.6 കോടി രൂപയുടെ ആസ്തിയും 13.3 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ടെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ഷിക വരുമാനം 94.2 ലക്ഷം രൂപയാണെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2020- മുതല്‍ ശ്രേയസി ബിജെപിയില്‍ അംഗമാണ്. ജാമുയി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമായ ശ്രേയസി വനിതാ ശിശു വികസന കമ്മിറ്റി (ബീഹാര്‍ വിധാന്‍ സഭ) അംഗവുമാണ്.
ഒരു മികച്ച ഷൂട്ടര്‍ കൂടിയായ ശ്രേയസി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. 2018-ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ഡബിള്‍ ട്രാപ്പ് ഇനത്തില്‍ അവര്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (വനിതാ ഡബിള്‍ ട്രാപ്പ്) ശ്രേയസി വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. അതേവര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഡബിള്‍ ട്രാപ്പ് ടീം ഇനത്തില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.
കായികരംഗത്തെ സംഭാവനകള്‍ക്ക് അര്‍ജുന അവാര്‍ഡും ശ്രേയസിക്ക് ലഭിച്ചിരുന്നു. 2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ശ്രേയസി.
November 21, 2025 11:02 AM IST
