Leading News Portal in Kerala

കാമുകനൊപ്പം ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വീപ്പയില്‍ ഒളിപ്പിച്ച സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി | Meerut Blue Drum Murder Accused Muskan Gives Birth To baby girl | India


Last Updated:

മുസ്‌കാനും അവരുടെ കാമുകനായ സാഹിൽ ശുക്ലയും ചേർന്ന് മാർച്ച് നാലിനാണ് സൗരഭിനെ മയക്കുമരുന്ന് നൽകിയശേഷം കുത്തിക്കൊലപ്പെടുത്തിയത്

കൊലപാതകത്തിന് തൊട്ടുപിന്നാലെ മുസ്‌കാനും കാമുകൻ സാഹിലും പൊലീസിന്റെ പിടിയിലായി
കൊലപാതകത്തിന് തൊട്ടുപിന്നാലെ മുസ്‌കാനും കാമുകൻ സാഹിലും പൊലീസിന്റെ പിടിയിലായി

മീററ്റിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചശേഷം വീപ്പയിൽ ഒളിപ്പിച്ച കേസിൽ പ്രതിയായ സ്ത്രീ പെൺകുഞ്ഞിന് ജന്മം നൽകി. കേസിൽ ജയിലിലായ മുസ്‌കാൻ എന്ന സ്ത്രീയാണ് തിങ്കളാഴ്ച വൈകുന്നേരം പ്രസവിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് അവർ കുഞ്ഞിന് ജന്മം നൽകിയത്.

ഞായറാഴ്ച രാത്രി 11.30നാണ് മുസ്‌കാനെ ആശുപത്രിയിൽ എത്തിച്ചതെന്ന് ജയിൽ സീനിയർ സൂപ്രണ്ട്‌ ഡോ. വിരേഷ് രാജ് ശർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കുഞ്ഞിന് 2.4 കിലോഗ്രാം തൂക്കമുണ്ടെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ശകുൻ സിംഗ് പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. മുസ്‌കാന്റെ കുടുംബത്തെ വിവരം അറിയിച്ചുവെങ്കിലും ബന്ധുക്കളാരും ആശുപത്രിയിലേക്ക് എത്തിയിട്ടില്ല.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആശുപത്രിയിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുസ്‌കാൻ പകൽ മുഴുവൻ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മുസ്‌കാനും അവരുടെ കാമുകനായ സാഹിൽ ശുക്ലയും ചേർന്ന് മാർച്ച് നാലിനാണ് സൗരഭിനെ മയക്കുമരുന്ന് നൽകിയശേഷം കുത്തിക്കൊലപ്പെടുത്തിയത്.  ഇരുവരും ചേർന്ന് മൃതദേഹത്തിന്റെ തലയും കൈകളും വെട്ടിമാറ്റി മൃതദേഹ ഭാഗങ്ങൾ നീല നിറമുള്ള വീപ്പയിൽ ഒളിപ്പിച്ച് കോൺക്രീറ്റ് നിറച്ചശേഷം ഹിമാചൽ പ്രദേശിലേക്ക് കടന്നുകളയുകയായിരുന്നു. മൃതദേഹം മറയ്ക്കാനായി കൊണ്ടുപോയ സ്യൂട്ട്‌കേസിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് ഒരു അസ്ഥിക്കഷ്ണം കണ്ടെത്തുകയും ചെയ്തിരുന്നു.

2023 നവംബർ മുതൽ മുസ്‌കാൻ കൊലപാതകം ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുസ്‌കാന്റെയും കാമുകന്റെയും പ്രണയബന്ധത്തിൽ തടസ്സമായതിനാലാണ് സൗരഭിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുസ്‌കാനും സാഹിലും മാർച്ച് 18ന് പൊലീസ് പിടിയിലായി. കുടുംബാംഗങ്ങളോട് കുറ്റസമ്മതം നടത്തി തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.