രണ്ട് മലയാളി നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബെംഗളൂരുവില്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ |Two Malayali Nursing Students found dead After Being Hit By Train in Bengaluru | India
Last Updated:
ഇരുവരും സപ്തഗിരി കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളാണ്
ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിംഗ് വിദ്യാര്‍ഥികളെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥികളായ റാന്നി സ്വദേശി സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), തിരുവല്ല സ്വദേശി ജസ്റ്റിന് ജോസഫ് (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവിലെ ചിക്കബനവാര റെയില്‍വെ സ്റ്റേഷന് സമീപം ബെംഗളൂരു-ബെലഗാവി വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
അപകടവിവരമറിഞ്ഞ് ബെംഗളൂരു റൂറല്‍ റെയില്‍വേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി റെയില്‍വേ പോലീസ് സൂപ്രണ്ട് യതീഷ് എന്‍ പറഞ്ഞു.
ഇരുവരും സപ്തഗിരി കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളാണ്. ഇരുവരും സുഹൃത്തുക്കളുമാണെന്ന് പോലീസ് പറഞ്ഞു. സ്റ്റെര്‍ലിനും ജസ്റ്റിനും കോളേജിന് സമീപം പേയിംഗ് ഗസ്റ്റായാണ് (പിജി) നില്‍ക്കുന്നത്. താമസസ്ഥലത്തേക്ക് പോകുന്നതിനായി റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വന്ദേഭാരത് ട്രെയിന്‍ വേഗത്തില്‍ എത്തിയപ്പോള്‍ ഇരുവരും ട്രാക്കിലേക്ക് ഇറങ്ങിയതായി റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടമാണെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാല്‍ ജീവനൊടുക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. രണ്ട് കോണുകളിലും അന്വേഷണം നടക്കുന്നുണ്ട്.
”ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും പരസ്പരം കൈകള്‍ പിടിച്ചുനില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്,” എസ്.പി. പറഞ്ഞു.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് റെയില്‍വെ വകുപ്പ് അധികൃതരും ആഭ്യന്തരതലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതുവരെ മരണകാരണം വ്യക്തമാക്കുന്ന മരണക്കുറിപ്പോ മറ്റെന്തെങ്കിലുമോ കണ്ടെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മൊബൈല്‍ഫോണുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
മൃതദേഹങ്ങള്‍ എം.എസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരു റൂറല്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണകാരണമെന്താണെന്ന് കണ്ടെത്തുന്നതിന് വിദ്യാര്‍ഥികള്‍ പഠിച്ച കോളേജില്‍ നിന്നും പരിചയക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
Bangalore [Bangalore],Bangalore,Karnataka
November 25, 2025 2:46 PM IST
