ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് ആസാം മുഖ്യമന്ത്രി| Assam CM Declares Singer Zubeen Gargs Death Was Murder Not an Accident | India
Last Updated:
കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ ജനത്തെ ഞെട്ടിക്കുമെന്നും ആസാം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു
പ്രശസ്ത ആസാമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് ആസാം സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണ് സുബീൻ ഗാർഗ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യാ ഫെസ്റ്റിവലിൽ പാടാനെത്തിയ സുബീന്, സ്കൂബ ഡൈവിങ്ങിനിടെയാണ് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
‘സുബീൻ ഗാർഗിന്റേത് അപകടമരണം അല്ലെന്നും കൊലപാതകമാണെന്നും ആസാം പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഒരാൾ ഗാർഗിനെ കൊലപ്പെടുത്തി. മറ്റുള്ളവർ സഹായിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളംപേരെ അറസ്റ്റു ചെയ്തു’- പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതിന് പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി.
ഇമ്രാൻ ഹഷ്മിയും കങ്കണ റണൗട്ടും അഭിനയിച്ച ഗാങ്സ്റ്റർ സിനിമയിലെ ‘യാ അലി’ എന്ന ഹിറ്റ് പാട്ടിലൂടെയാണ് ബോളിവുഡിന്റെ പ്രിയഗായകനായത്. ഋതിക് റോഷൻ അഭിനയിച്ച ക്രിഷ് 3 തുടങ്ങിയ സിനിമകളിലും പാടി. വൻ ഹിറ്റുകളായി മാറിയ മിഷൻ ചൈന, കാഞ്ചൻജംഗ തുടങ്ങിയ അസമീസ് സിനിമകൾ സംവിധാനം ചെയ്തു, അഭിനയിച്ചു. സംഗീത ഉപകരണങ്ങളിലും കഴിവ് തെളിയിച്ച സുബീൻ ഗാർഗിന് വൻ ആരാധകവൃന്ദമാണുള്ളത്.
New Delhi,New Delhi,Delhi
November 25, 2025 8:07 PM IST
