ഡൽഹിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരന്റെ ചെവി പിറ്റ്ബുൾ നായ കടിച്ചെടുത്തു|six-year-old boy attacked by pet pitbull in delhi owner arrested | India
Last Updated:
നായ കുട്ടിയുടെ വലത് ചെവി പകുതിയോളം കടിച്ചെടുത്തായി പോലീസ് അറിയിച്ചു
ന്യൂഡൽഹി: വളർത്തുനായയുടെ ആക്രമണത്തിൽ ആറു വയസുകാരന് ഗുരുതര പരിക്ക്. ഡൽഹിയിലെ പ്രേം നഗറിൽ ആണ് സംഭവം. പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ കുട്ടിയുടെ വലത് ചെവി പകുതിയോളം കടിച്ചെടുത്തു. സംഭവത്തിൽ നായയുടെ ഉടമ രാജേഷ് പാലിനെ (50) പോലീസ് അറസ്റ്റ് ചെയ്തതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം 5.38-ന് വിനായ് എൻക്ലേവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയുടെ വീട്ടിൽനിന്ന് പുറത്തുവന്ന പിറ്റ്ബുൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും നായ ചെവി കടിച്ചെടുക്കുകയും ചെയ്തു. അയൽവാസികളുടെ സഹായത്തോടെ കുട്ടിയെ ഉടൻ റോഹിണിയിലെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ തുടർ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, അയൽവാസിയായ രാജേഷിന്റേതാണ് നായയെന്ന് പോലീസ് പറയുന്നു. ഏകദേശം ഒന്നര വർഷം മുൻപ് രാജേഷിന്റെ മകൻ സച്ചിനാണ് നായയെ വീട്ടിൽ കൊണ്ടുവന്നത്. സച്ചിൻ നിലവിൽ മറ്റൊരു കേസിൽ ജയിലിലാണ്. പരിക്കേറ്റ കുട്ടിയുടെ പിതാവ് ദിനേശിന്റെ (32) മൊഴി രേഖപ്പെടുത്തിയ പോലീസ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം BNS 291-ാം വകുപ്പ് (മൃഗങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം), BNS 125(b) വകുപ്പ് (ഗുരുതരമായ പരിക്കേൽപ്പിക്കൽ) എന്നിവ പ്രകാരം പ്രേം നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ആക്രമണകാരിയായ നായയെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) അധികൃതർ പിടിച്ചെടുത്ത് നജഫ്ഗഢിലെ മൃഗജനന നിയന്ത്രണ കേന്ദ്രത്തിലേക്ക് മാറ്റി.നായയെ ഇനി അവിടെ സ്ഥിരമായി പാർപ്പിക്കും.
Delhi,Delhi,Delhi
November 25, 2025 8:31 AM IST
