തമിഴ്നാട്ടിൽ സർക്കാർ ബസുകൾ നേർക്കു നേരെ കൂട്ടിയിടിച്ച് 11 മരണം; 20ലേറെ പേർക്ക് പരിക്ക് 11 dead over 20 injured in head-on collision between government buses in Tamil Nadu | India
Last Updated:
ഒരാഴ്ചയ്ക്കുള്ളിൽ തെക്കൻ തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്
തമിഴ്നാട്ടിൽ സർക്കാർ ബസുകൾ നേർക്കു നേരെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 20ലേറെ പേർക്ക് പരിക്ക്. ശിവഗംഗ ജില്ലയിലെ പിള്ളയാർപട്ടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കുമ്മൻഗുഡിയിലാണ് സംഭവം. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസ് മധുരയിലേക്ക് പോകുകയായിരുന്ന മറ്റൊരു പാസഞ്ചർ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർ ബസുകൾക്കുള്ളിൽ കുടുങ്ങി. പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്നാണ് അവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ അവസ്ഥയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരിൽ ചിലരുടെ നില ഗുരുതരമാണെന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ ഇപ്പോഴും സ്ഥലത്തുണ്ട്. സ്ഥലത്തെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ തെക്കൻ തമിഴ്നാട്ടിൽ സർക്കാർ, സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞയാഴ്ച തെങ്കാശി ജില്ലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചിരുന്നു.
November 30, 2025 7:25 PM IST
