ലേശം ക്ഷമിച്ചു കൂടെ? വരനു മാലയിട്ടതിന് തൊട്ടുപിന്നാലെ വധു കാമുകനൊപ്പം ഒളിച്ചോടി| Bride elopes with lover after Varamala ceremony in uttar pradesh | India
Last Updated:
വരണമാല്യം ചാർത്തുന്ന ചടങ്ങ് കഴിഞ്ഞ വധു തന്റെ മുറിയിലേക്ക് വിശ്രമിക്കാനായി പോയി. ഈ സമയം മറ്റു ചടങ്ങുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കൾ
ഉത്തർപ്രദേശിലെ ബാരാങ്കിയിൽ വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ വധു കാമുകനോടൊപ്പം ഒളിച്ചോടിയ വാർത്ത ഇക്കഴിഞ്ഞയാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ സമാനമായ മറ്റൊരു വാർത്തകൂടി യുപിയിലെ ഉന്നാവോയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വിവാഹത്തിനിടെയുള്ള വരണമാല്യം ചാർത്തുന്ന ചടങ്ങിന് പിന്നാലെ വധു കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ശനിയാഴ്ച രാത്രി ഉന്നാവോയിലെ പുർവ എന്ന സ്ഥലത്താണ് സംഭവം. വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലേക്ക് ആഘോഷപൂർവം എത്തുന്ന ബറാത്ത് ചടങ്ങുകൾ പൂർത്തിയായി. ഇതിന് ശേഷം ഇരുകുടുംബങ്ങളും ചേർന്നുള്ള പരമ്പരാഗത ചടങ്ങുകളും പൂർത്തിയാക്കി.
വരണമാല്യം ചാർത്തുന്ന ചടങ്ങിൽ വധുവും വരനും പരസ്പരം വിവാഹമാല അണിയിക്കുകയും ചെയ്തു. വരണമാല്യം ചാർത്തുന്ന ചടങ്ങ് കഴിഞ്ഞ വധു തന്റെ മുറിയിലേക്ക് വിശ്രമിക്കാനായി പോയി. ഈ സമയം മറ്റു ചടങ്ങുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കൾ. അടുത്ത ചടങ്ങിനായി വധുവിനെ തിരക്കി ബന്ധുക്കൾ മുറിയിലെത്തിയപ്പോഴാണ് വധുവിനെ കാണാനില്ലെന്ന് മനസ്സിലാക്കുന്നത്.
നാട്ടുകാരാനായ യുവാവിനോടൊപ്പം വധു ഒളിച്ചോടിയെന്ന് മനസ്സിലാക്കിയ അവരുടെ പിതാവ് കാമുകനെ ഫോണിൽ വിളിച്ചു. ഈ സമയം വധു പിതാവിനോട് നേരിട്ട് സംസാരിക്കുകയും കാമുകനെ വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നതായും പറഞ്ഞു.
ഇതിന് പിന്നാലെ വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക് തർക്കം ഉണ്ടാകുകയും വധുവില്ലാതെ വരൻ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വധുവിന്റെ അച്ഛൻ കാമുകനെതിരേ പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ വധു അപ്രത്യക്ഷയായ സംഭവമാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസം മുമ്പാണ് സുനില്‍ കുമാറും പല്ലവിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹദിവസം എല്ലാ ചടങ്ങുകളും ഭംഗിയായി കഴിഞ്ഞു. വരന്‍ വധുവിന്റെ വീട്ടിലെത്തുന്ന ബറാത്ത് ചടങ്ങുകള്‍ക്കിടെ ദമ്പതികള്‍ പരസ്പരം മാലകള്‍ കൈമാറുകയും താലി ചാര്‍ത്തുകയും ചെയ്തു. രാത്രിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. വധു വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍, പിറ്റേന്ന് രാവിലെയുള്ള ചടങ്ങുകള്‍ക്കായി വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങള്‍ ഒരുങ്ങി. എന്നാല്‍ അപ്പോഴാണ് വധു പല്ലവി മുറിയില്‍ ഇല്ലെന്ന് അവര്‍ മനസ്സിലാക്കിയത്.
ഡിജെ ഫ്‌ളോറില്‍ വരനോടൊപ്പം നൃത്തം ചെയ്തിരുന്ന വധു വിടവാങ്ങൽ ചടങ്ങിന് തൊട്ടുമുമ്പാണ് അപ്രത്യക്ഷയായത്. മാല കൈമാറി, ഏഴ് തവണ വലം വെച്ചു, വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തി. എന്നാല്‍ വിടവാങ്ങല്‍ ചടങ്ങിന് സമയമായപ്പോള്‍ വധുവിനെ കാണാതായി. വിവാഹ ഘോഷയാത്ര വധുവില്ലാതെയാണ് മടങ്ങിയത്. വിവാഹച്ചെലവിലേക്ക് വരന്‍ തന്റെ ഏക്കര്‍ കണക്കിന് ഭൂമി പണയം വെച്ച് പണം കടം മേടിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Lucknow,Lucknow,Uttar Pradesh
December 01, 2025 3:53 PM IST
