പശ്ചിമ ബംഗാളില്‍ 32,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി | Calcutta high court sets aside single bench order cancelling 32000 teachers appointments in recruitment scam case | India
Last Updated:
അടുത്ത വര്‍ഷം പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിധി വന്നിരിക്കുന്നത്
ടെറ്റ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ഏകദേശം 32,000 പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ തപബ്രത ചക്രബര്‍ത്തി, റീതോബ്രോട്ടോ കുമാര്‍ മിത്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. ഇപ്പോള്‍ ബിജെപി ലോക്സഭാംഗമായ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ് 2023-ല്‍ പുറപ്പെടുവിച്ച വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
ഒന്‍പത് വര്‍ഷമായി സേവനത്തിലിരിക്കുന്ന അധ്യാപകരെ ഇപ്പോള്‍ നീക്കുന്നത് അവരുടെ കുടുംബങ്ങളില്‍ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതുമായ പ്രൈമറി സ്കൂളുകളില്‍ സേവനമനുഷ്ടിക്കുന്ന അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതാണ് കൊൽക്കത്ത ഹൈക്കോടതി വിധി.
ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പ്രൈമറി വിദ്യാഭ്യാസ ബോര്‍ഡിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. 32,000 അധ്യാപകരുടെ ജോലി പൂര്‍ണ്ണമായും സുരക്ഷിതമായി തുടരുമെന്നും സത്യം വിജയിച്ചതായും അധ്യാപകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
2024-ലെ ടെറ്റിനു (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) പിന്നാലെയുണ്ടായ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് കേസ്. നിയമന പ്രക്രിയയില്‍ കൃത്രിമം കാണിച്ചതായി ചൂണ്ടിക്കാട്ടി 2023-ല്‍ ജസ്റ്റിസ് ഗംഗോപാധ്യായ് 32,000 അധ്യാപകരുടെ നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ആ സമയത്ത് മൊത്തം 42,500 പ്രൈമറി സ്കൂള്‍ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. ഇതില്‍ 32,000 നിയമനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും തുടര്‍ന്ന് റദ്ദാക്കപ്പെടുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമന പ്രക്രിയ നടത്തണമെന്നും ജസ്റ്റിസ് ഗംഗോപാധ്യായ് സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു.
പിന്നീട് ജസ്റ്റിസ് സൗമെന്‍ സെന്നിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് വിഷയം പുനഃപരിശോധിച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം കേസില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് കേസ് ഇപ്പോഴത്തെ ബെഞ്ചിലേക്ക് എത്തി.
നേരത്തെ ജസ്റ്റിസ് സുബ്രത താലൂക്ക്ദാര്‍, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും കേസില്‍ പുതിയ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ആറ് മാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. ഇടക്കാല ആശ്വാസം ശരിവെച്ച സുപ്രീം കോടതി കേസില്‍ അന്തിമ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരികെ അയച്ചു.
അടുത്ത വര്‍ഷം പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിധി വന്നിരിക്കുന്നത്. വിഭ്യാഭ്യാസ മേഖലയിലെ അഴിമതി ആരോപണങ്ങളില്‍ വിമര്‍ശനം നേരിടുന്ന ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വിധി ആശ്വാസകരമാണ്. ഈ വിധിയോടെ 32,000 പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ജോലിയില്‍ തുടരാനാകും.
Kolkata,West Bengal
December 04, 2025 7:53 AM IST
