‘എത്ര കാലം വേണമെങ്കിലും താമസിക്കാം’: ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നതിൽ ജയശങ്കർ External Affairs Minister S Jaishankar on former Bangladesh Prime Minister Sheikh Hasina Exile In India | World
Last Updated:
മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഷെയ്ഖ് ഹസീന തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും വിദേശകാര്യ മന്ത്രി
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ താമസിക്കുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അവർക്ക് എത്ര കാലം വേണമെങ്കിലും ഇന്ത്യയിൽ തുടരാമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. സാഹചര്യങ്ങളാണ് കഴിഞ്ഞ വർഷം ധാക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ഷെയ്ക് ഹസീനയെ നിർബന്ധിതയാക്കിയത്. മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്യവ്യാപകമായി നടന്ന അക്രമങ്ങളിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് 15 വർഷക്കാലം ബംഗ്ലാദേശിനെ നയിച്ച ഹസീനയ്ക്ക് ഇന്ത്യയിലേക്ക് രക്ഷപെടേണ്ടി വന്നത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ഹസീനയുടെ സർക്കാർ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു. ഇതിനെത്തുടർന്ന്, “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ” ആരോപിച്ച് 78 കാരിയായ ഹസീനയെ കഴിഞ്ഞ മാസം ഒരു പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹസീനയെ വിട്ടു നൽകണമെന്ന് ബംഗ്ലാദേശ് ആവശ്യമുന്നയിക്കുന്നതിനിടെയാണ് ജയസങ്കറിന്റെ പരാമർശം.
നിലവിലുള്ള ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി, ഹസീനയെ കൈമാറണം എന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്തരം കൈമാറ്റം വേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ബംഗ്ലാദേശിന്റെ സ്ഥിരതയും ജനാധിപത്യ നിയമസാധുതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ജയശങ്കർ, തിരഞ്ഞെടുപ്പാണ് പ്രശ്നമെങ്കിൽ, ആദ്യം നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്നും അഭിപ്രായപ്പെട്ടു. ബംഗ്ളാദേശുമായുള്ള ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
New Delhi,Delhi
December 06, 2025 8:40 PM IST
