ഗോവയിലെ നിശാ ക്ലബ്ബില്‍ വന്‍ തീപിടിത്തം; സ്ത്രീകളടക്കം 23 മരണം|Massive Fire at Goa Nightclub 23 Dead Including Women | India
Last Updated:
ക്ലബ്ബിലെ അടുക്കളയിലുണ്ടായ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം
പനാജി: വടക്കൻ ഗോവയിലെ ബാഗ ബീച്ചിന് സമീപമുള്ള അർപ്പോറയിലെ നിശാ ക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് സ്ത്രീകളടക്കം 23 പേർ മരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ക്ലബ്ബിലെ അടുക്കളയിലുണ്ടായ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ അധികവും ക്ലബ്ബിലെ തൊഴിലാളികളാണ്. കൊല്ലപ്പെട്ടവരിൽ വിനോദസഞ്ചാരികളും ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി തീയണക്കുകയും 23 മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവസ്ഥലം സന്ദർശിച്ച ഗോവ മുഖ്യമന്ത്രി, 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരണപ്പെട്ടതെന്ന് അറിയിച്ചു. ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്ലബ്ബ് മാനേജ്‌മെന്റിനെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ നിശാ ക്ലബ്ബുകളിലും അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് പ്രാദേശിക ബിജെപി എംഎൽഎ മൈക്കിൾ ലോബോ പറഞ്ഞു. ആവശ്യമായ അനുമതികളില്ലാത്ത ക്ലബ്ബുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗോവ തലസ്ഥാനമായ പനാജിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് അർപ്പോറ. കഴിഞ്ഞ വർഷമാണ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ വിനോദസഞ്ചാര സീസൺ ആയതിനാൽ ഗോവയിൽ തിരക്ക് വർധിച്ചിരിക്കുകയാണ്.
December 07, 2025 7:24 AM IST
