സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ രാകേഷ് കിഷോറിന് ഡൽഹി കോടതിയിൽ മർദനമേറ്റു| Advocate Rakesh Kishore Who Hurled Shoe at Ex-CJI Gavai Manhandled at Delhi Court | India
Last Updated:
സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ടെങ്കിലും അഭിഭാഷകന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല
ന്യൂഡൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ സുപ്രീം കോടതിയിൽ വെച്ച് ചെരിപ്പെറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ, രാജ്യതലസ്ഥാനത്തെ കർക്കർദൂമ കോടതിയിൽ വെച്ച് ഒരു കൂട്ടം ആളുകൾ മർദിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ടെങ്കിലും അഭിഭാഷകന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
“കോടതിയിലെ വാദം കേട്ട് പുറത്തുവന്നപ്പോഴാണ് ഞാൻ ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ചെരിപ്പെറിഞ്ഞ അഭിഭാഷകൻ ഇവിടെ ചില അഭിഭാഷകരുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഏർപ്പെട്ടതായി സഹപ്രവർത്തകർ എന്നോട് പറഞ്ഞു.” കാർക്കർഡൂമ ജില്ലാ കോടതിയിലെ അഭിഭാഷകനായ ദീപക് കുമാറിനെ ഉദ്ധരിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബർ 6-ന്, ജസ്റ്റിസ് ചന്ദ്രനൊപ്പം ചീഫ് ജസ്റ്റിസായിരുന്ന ഗവായി ഇരിക്കുകയായിരുന്ന മെൻഷനിംഗ് സമയത്താണ് സംഭവം നടന്നത്. 71 വയസ്സുള്ള കിഷോറിനെ അൽപ്പസമയം കസ്റ്റഡിയിലെടുത്തെങ്കിലും, കേസെടുക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് കോടതിയുടെ രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് അന്നുതന്നെ വിട്ടയച്ചു.
കോടതി മുറിക്കുള്ളിൽ വെച്ച് തനിക്കെതിരെ എഴുപതുകളോട് അടുത്ത ഒരു അഭിഭാഷകൻ ചെരിപ്പെറിഞ്ഞ സംഭവത്തിന് ശേഷം, ഗവായി പ്രതികരിച്ചത് ഇങ്ങനെ- തനിക്ക് മുന്നിൽ വാദിച്ചുകൊണ്ടിരുന്ന അഭിഭാഷകനോട് “അത് കാര്യമാക്കേണ്ട, അവഗണിക്കുക” എന്നാണ്. “ഇതൊന്നും എന്നെ അലട്ടുന്നില്ല. നിങ്ങളും ശ്രദ്ധ തെറ്റിക്കാതെ കേസുമായി മുന്നോട്ട് പോകുക,” മെൻഷനിംഗ് സമയത്ത് കോർട്ട് നമ്പർ 1-ൽ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
തനിക്കുനേരെയോ തന്റെ മേശപ്പുറത്തോ ഒന്നും വീണിട്ടില്ലെന്നും ഗവായി പറഞ്ഞു. “ഞാൻ ശബ്ദം മാത്രമേ കേട്ടുള്ളൂ. ഒരുപക്ഷേ അത് ഏതെങ്കിലും മേശയിലോ മറ്റോ വീണിരിക്കാം,” അദ്ദേഹം പറഞ്ഞു, കൂടാതെ, “ഞാൻ കേട്ടത് ‘ഞാൻ ഗവായി സാബിന് നേരെയാണ് എറിഞ്ഞത്’ എന്ന് അയാൾ പറയുന്നത് മാത്രമാണ്. ഒരുപക്ഷേ അയാൾ എറിഞ്ഞത് മറ്റെവിടെയോ ആയിരിക്കാം വീണത്, അത് അയാൾ വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നിരിക്കാം.”
New Delhi,New Delhi,Delhi
December 09, 2025 2:50 PM IST
