‘സംഘടന ശക്തിപ്പെടുത്തണം’; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ Shashi Tharoor supports Digvijay Singh amid BJP-RSS praise controversy | India
Last Updated:
നീണ്ട ചരിത്രമുള്ള കോൺഗ്രസിന് സ്വന്തം ഭൂതകാലത്തിൽ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും തരൂർ
ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ എംപി. പാർട്ടിക്കുള്ളിലെ അച്ചടക്കം പ്രധാനമാണെന്നും, നീണ്ട ചരിത്രമുള്ള കോൺഗ്രസിന് സ്വന്തം ഭൂതകാലത്തിൽ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും തരൂർ പറഞ്ഞു.
“നമുക്ക് 140 വർഷത്തെ ചരിത്രമുണ്ട്, അതിൽ നിന്ന് നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. നമുക്ക് നമ്മളിൽ നിന്ന് തന്നെ പഠിക്കാനും കഴിയും. ഏതൊരു പാർട്ടിയിലും അച്ചടക്കം വളരെ പ്രധാനമാണ്,” തരൂർ പറഞ്ഞു.സംഘടനയെ ശക്തിപ്പെടുത്തുക എന്നത് പൊതുവായ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനുള്ളിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന സിംഗിന്റെ വാദത്തെയും തരൂർ പിന്തുണച്ചു. രാഷ്ട്രീയ വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടുന്നതിന് പാർട്ടി ആന്തരിക അച്ചടക്കവും സംഘടനാ ശക്തിയും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.വിവാദത്തിന് ശേഷം സിംഗുമായി സംസാരിച്ചോ എന്ന ചോദ്യത്തിന്, തങ്ങൾ സുഹൃത്തുക്കളാണെന്നും സംഭാഷണം നടത്തുന്നത് സ്വാഭാവികമാണെന്നുമായിരുന്നു തരൂരിന്റെ മറുപടി.
1995 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ ബിജെപി പ്രസിഡന്റ് എൽ കെ അദ്വാനിയുടെ അടുത്ത് നിലത്ത് ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആർഎസ്‌എസിന്റെ സംഘടനാ ശക്തിയെ ദിഗ്വിജയ സിംഗ് പ്രശംസിച്ചത്.ആർഎസ്‌എസും ബിജെപിയും താഴെത്തട്ടിലുള്ള പ്രവർത്തകരെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയരാൻ അനുവദിക്കുന്നതിൽ നിന്ന് കോൺഗ്രസിന് പഠിക്കാനാകുമെന്നായിരുന്നു ചിത്രം പങ്കുവച്ച് സിംഗ് കുറിച്ചത്.
വിവാദമായതോടെ ആർഎസ്‌എസിന്റെയും ബിജെപിയുടെയും ശക്തനായ എതിരാളിയായി തുടരുന്നുവെന്ന് സിംഗ് പിന്നീട് വ്യക്തമാക്കിയെങ്കിലും, പാർട്ടിക്കുള്ളിലും പുറത്തും പോസ്റ്റ് രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി.കോൺഗ്രസിനുള്ളിൽ ആഭ്യന്തര പരിഷ്കാരങ്ങൾക്കും അധികാര വികേന്ദ്രീകരണത്തിനുമുള്ള ദിഗ്‌വിജയ് സിംഗിന്റെ സമീപകാല ആഹ്വാനത്തിലേക്ക് വിവാദം വീണ്ടും ശ്രദ്ധ തിരിച്ചു.
കോൺഗ്രസ് അതിന്റെ ഘടനയും നേതൃത്വ സമീപനവും പുനഃപരിശോധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിംഗിന്റെ പരാമർശങ്ങൾ കോൺഗ്രസിനുള്ളിതന്നെ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ആർഎസ്‌എസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശത്തോട് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, പാർട്ടിയുടെ ഭാവിക്ക് ആഭ്യന്തര പരിഷ്കരണവും അച്ചടക്കവും അനിവാര്യമാണെന്നാണ് തരൂരിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
New Delhi,New Delhi,Delhi
‘സംഘടന ശക്തിപ്പെടുത്തണം’; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ
