വര്‍ഷത്തില്‍ 90 ദിവസം ജോലി; ഗിഗ് തൊഴിലാളികള്‍ക്കായി പുതിയ സാമൂഹിക സുരക്ഷാ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ 90 days of work in a year Central government brings new social security rules for gig workers | India
വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കരട് നിയമത്തിൽ നിർദേശിക്കുന്നു.
ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ സജീവമായ തൊഴിലാളികൾക്ക് യോഗ്യതാ പരിധി 120 ദിവസമായിരിക്കും. പൊതുജനാഭിപ്രായം തേടുന്നതിന് കരട് പുറത്തിറക്കിയിട്ടുണ്ട്.
നിർദിഷ്ട ചട്ടക്കൂടിന് കീഴിൽ ഒരു തൊഴിലാളി ഒരു പ്ലാറ്റ്ഫോമിലൂടെ വരുമാനം നേടാൻ തുടങ്ങുന്ന ദിവസം മുതൽ അതിൽ ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കും. ഒരു തൊഴിലാളി ഒരു നിശ്ചിത ദിവസത്തിൽ ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ സജീവമാണെങ്കിൽ ഓരോന്നും ഓരോന്നായി കണക്കാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഉദാഹരണത്തിന് ഒരു ദിവസം മൂന്ന് പ്ലാറ്റ്ഫോമുകളിൽ തത്സമയം പ്രവർത്തിക്കുന്നത് മൂന്ന് പ്രവൃത്തി ദിവസങ്ങളായി കണക്കാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട തൊഴിലാളികളെ നേരിട്ടോ മൂന്നാം കക്ഷി സ്ഥാപനങ്ങൾ വഴിയോ ജീവനക്കാരായി കണക്കാക്കണമെന്നും കരട് നിയമങ്ങളിൽ നിർദേശിക്കുന്നുണ്ട്.
പുതിയ ലേബർ കോഡ് യോഗ്യരായ ഗിഗ് തൊഴിലാളികൾക്ക് ഹെൽത്ത്, ലൈഫ് ആൻഡ് അപകട ഇൻഷുറൻസ് എന്നിവയ്ക്ക് അർഹതയുണ്ട്. ഇതിന് പുറമെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും.
വേതനം, ജോലി സാഹചര്യങ്ങൾ, ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് ഗിഗ് തൊഴിലാളികളും പ്ലാറ്റ്ഫോം യൂണിയനുകളും കമ്പനികൾക്കും സർക്കാരിനും മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ നീക്കം. ഡിസംബർ 31 ന് നിരവധി യൂണിയനുകൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു.
ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളിൽ നിന്നുള്ള ഏകദേശം 14,000 അംഗങ്ങൾ ഉൾപ്പെടെ 22 നഗരങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തതായി ഗിഗ് & പ്ലാറ്റ്ഫോം സർവീസ് വർക്കേഴ്സ് യൂണിയൻ (GIPSWU) അവകാശപ്പെട്ടു.
ജീവനക്കാർ പണിമുടക്കിലായിരുന്നിട്ടും പുതുവത്സരാഘോഷത്തിൽ സ്വിഗ്ഗി, സൊമാറ്റോ, മാജിക്പിൻ എന്നിവ ശക്തമായ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. സേവനങ്ങൾ സാധാരണ പോലെ തന്നെ നൽകിയതായി കമ്പനികൾ അവകാശപ്പെട്ടു.
സൊമാറ്റോയും ബ്ലിങ്കിറ്റും ഒരു ദിവസം കൊണ്ട് 75 ലക്ഷത്തിലധികം ഓഡറുകൾ ഡെലിവർ ചെയ്തതായും ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്നും എറ്റേണൽ സ്ഥാപകൻ ദീപീന്ദർ ഗോയൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. തൊഴിലാളികളുടെ പണിമുടക്ക് ബാധിച്ചില്ലെന്ന് മാജിക്പിൻ സ്ഥാപകനും സിഇഒയുമായ അൻഷു ശർമയും പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ 1.27 കോടി ഗിഗ് തൊഴിലാളികൾ ഉണ്ട്. 2030 ആകുമ്പോഴേക്കും ഇത് 2.35 കോടിയായി വളരുമെന്നാണ് നിതി ആയോഗിന്റെ പ്രവചനം.
New Delhi,New Delhi,Delhi
വര്‍ഷത്തില്‍ 90 ദിവസം ജോലി; ഗിഗ് തൊഴിലാളികള്‍ക്കായി പുതിയ സാമൂഹിക സുരക്ഷാ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍