Leading News Portal in Kerala

Exclusive | ശുചിത്വനഗരമായ ഇന്‍ഡോറിലെ 67 ശതമാനം കുടിവെള്ള സാംപിളുകളും മലിനമോ? | 67percentage Of Water Samples In Cleanest City Indore Failed Potability Test In 2024 | India


Last Updated:

ജലത്തിന്റെ ഗുണനിലവാരത്തെയും പരിശോധനയെയും കുറിച്ചുള്ള ഇത്തരം ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

News18
News18

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ ഇൻഡോറിലെ 67 ശതമാനം കുടിവെള്ള സാംപിളുകളും മലിനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. 2024ൽ പുറത്തിറങ്ങിയ ഒരു കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ മധ്യപ്രദേശിലെ കുടിവെള്ള ഗുണനിലവാരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ ഏകദേശം 37 ശതമാനം ജല സാംപിളുകളും, പ്രത്യേകിച്ച് ഇൻഡോറിലെ 67 ശതമാനം സാംപിളുകളും കുടിവെള്ള മലിനീകരണ പരിശോധനയിൽ പരാജയപ്പെട്ടിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്ര ജൽശക്തി മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

മധ്യപ്രദേശിനായുള്ള കേന്ദ്രത്തിന്റെ വീടുകളിലെ ടാപ്പ് കണക്ഷനുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്തുന്നതിനുള്ള 2024ലെ സംസ്ഥാന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 2024 ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യവ്യാപകമായി ഒരു സർവെ നടത്തിയതായും കുടിവെള്ള സാംപിളുകളിൽ ഇ.കോളി, കോളിഫോം, പിഎച്ച് അളവ് എന്നിവ പരിശോധിച്ചതായും സിഎൻഎൻ-ന്യൂസ് 18ന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം മധ്യപ്രദേശിൽ നിന്ന് ശേഖരിച്ച ജല സാംപിളുകളിൽ 63 ശതമാനം മാത്രമെ ഗുണനിലവാര പരിശോധനയിൽ വിജയിച്ചുള്ളൂ. ദേശീയ ശരാശരിയായ 73 ശതമാനത്തേക്കാൾ വളരെ താഴെയായിരുന്നു ഇത്. അതേസമയം, ഞെട്ടിപ്പിക്കുന്നത് ഇൻഡോറിലെ കണക്കുകളാണ്. ഇൻഡോറിലെ ജല സാംപിളുകൾ പരിശോധിച്ചതിൽ 33 ശതമാനം മാത്രമാണ് കുടിവെള്ളത്തിന് അനുയോജ്യമായത്. ദേശീയ ശരാശരിയുടെ പകുതിയോളമേ ഇതുള്ളൂ. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കഴിഞ്ഞ ഏട്ടുവർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഇൻഡോറിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇത് ആശങ്ക ഉയർത്തുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡോറിലെ ഭാഗീഥരപുരയിലെ കുടിവെള്ളം മലിനമായതിനെ തുടർന്ന് 12ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് ഇൻഡോർ മുനിസിപ്പൽ കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ജലവിതരണ ചുമതയുള്ള മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ പുറത്താക്കിയിരുന്നു.

ഇൻഡോറിലെ ഫീൽഡ്-ടെസ്റ്റിംഗ് കിറ്റുകളുടെ വളരെ കുറഞ്ഞ ലഭ്യതയും, 14.7 ശതമാനം, കേന്ദ്ര റിപ്പോർട്ട് എടുത്തു കാണിക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കുടിവെള്ള മലിനീകരണം പരിശോധിക്കാൻ ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഈ കിറ്റുകളുടെ ലഭ്യതയിൽ 22 ശതമാനത്തിന്റെ കുറവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും പ്രധാനമായി ജലത്തിന്റെ ഗുണനിലവാര നിരീക്ഷത്തിനായുള്ള ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം(എസ്ഒപി) നിലവിലുണ്ടോ അല്ലെങ്കിൽ പരിശോധനയ്ക്കായി സാംപിളുകൾ എത്ര തവണ ശേഖരിക്കുന്നു എന്നതുൾപ്പെടെയുള്ള പ്രധാന സർവെ ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടില്ല.

ജലത്തിന്റെ ഗുണനിലവാരത്തെയും പരിശോധനയെയും കുറിച്ചുള്ള ഇത്തരം ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് മധ്യപ്രദേശിലെ പൗരന്മാർ ഒരു വർഷത്തിനുള്ളിൽ ഏകദേശം 98,000 പരാതികൾ ഫയൽ ചെയ്തതായും കേന്ദ്ര റിപ്പോർട്ട് പറയുന്നു.