Leading News Portal in Kerala

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി | Madras High Court says no particular caste can claim right to administer a temple | India


Last Updated:

ട്രസ്റ്റിമാരുടെ നിയമനം നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കി

മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജാതി എന്നത് ഒരു മതവിഭാഗമല്ലെന്നും (Religious Denomination), അതിനാൽ ജാതി പരിഗണിക്കാതെ അധികൃതർ നടത്തുന്ന നിയമനങ്ങളിൽ തെറ്റുപറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സേലം ജില്ലയിലെ ബേലൂരിലുള്ള താന്തോന്ദീശ്വരൻ ക്ഷേത്രത്തിന്റെ നടത്തിപ്പിന് അഞ്ച് ട്രസ്റ്റിമാരെ നിയമിച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിയെ ചോദ്യംചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ സുപ്രധാന വിധി.

ഒരു ക്ഷേത്രത്തിന്റെ കാര്യത്തിലും ഏതെങ്കിലും ഒരു ജാതിക്ക് മാത്രമായി പ്രത്യേക അവകാശം നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാതിയുടെ അടിസ്ഥാനത്തിൽ ഹർജിക്കാരൻ ഉന്നയിച്ച ആവശ്യങ്ങൾ പൊതുനയത്തിന് വിരുദ്ധമായതിനാൽ കോടതി തള്ളുകയായിരുന്നു. ക്ഷേത്ര ഭരണത്തിന്റെ കാര്യത്തിൽ ജാതിയെ ഒരു പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നും ജാതി നോക്കാതെ സർക്കാർ നടത്തുന്ന ട്രസ്റ്റി നിയമനങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ രഥം വലിക്കാൻ താൻ ഉൾപ്പെടുന്ന ജാതിക്കാർക്കാണ് പ്രഥമ അവകാശമെന്നും കാലങ്ങളായി തന്റെ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം ഭരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശിവരാമൻ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. പുതിയ ട്രസ്റ്റിമാരുടെ പട്ടികയിൽ തന്റെ ജാതിയിൽ നിന്ന് ആരുമില്ലെന്നും അയൽഗ്രാമമായ ചിന്നമനായ്ക്കൻപാളയത്തിൽ നിന്നുള്ളവർ ഉണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. നിലവിൽ നിയമിക്കപ്പെട്ട അഞ്ച് പേരിൽ മൂന്ന് പേർ ഒരേ ജാതിയിൽപ്പെട്ടവരാണെന്ന കാര്യവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ, ട്രസ്റ്റിമാരുടെ നിയമനം നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കി. എങ്കിലും, ഓരോ രണ്ട് വർഷം കൂടുമ്പോഴും പുതിയ ട്രസ്റ്റിമാരെ നിയമിക്കുമ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട അയൽഗ്രാമങ്ങളിലെ വിശ്വാസികൾക്ക് കൂടി പ്രാതിനിധ്യം നൽകാൻ അധികൃതർ ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.