വിവാഹത്തിന് മുൻപ് വരൻ വിഗ്ഗ് വെച്ച് കഷണ്ടി മറച്ചുവെച്ചു, വധു സത്യം അറിഞ്ഞതിന് പിന്നാലെ ഫുൾ വയലൻസ്| Greater Noida Man Hides Baldness with Wig to Marry Faces FIR for Cheating and Blackmail | India
Last Updated:
വിവാഹത്തിന് മുൻപ് തനിക്ക് കഷണ്ടിയുണ്ടെന്ന കാര്യം വധു അറിയാതിരിക്കാൻ യുവാവ് വിഗ്ഗ് ഉപയോഗിച്ചതായും, സത്യം പുറത്തായതോടെ യുവതിയെ പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കിയതായുമാണ് പരാതി
വിവാഹത്തിന് മുൻപ് വിഗ്ഗ് ധരിച്ച് കഷണ്ടി മറച്ചുവെച്ച് വഞ്ചിച്ചതായും, പിന്നീട് പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കിയതായും ആരോപിച്ച് ഗ്രേറ്റർ നോയിഡയിൽ യുവാവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. സ്ത്രീധന പീഡനം, വഞ്ചന, മർദനം, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവിനും കുടുംബത്തിലെ നാല് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പരാതി പ്രകാരം, പ്രതാപ് ബാഗ് സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതായിരുന്നു. വിവാഹത്തിന് മുൻപ് ഇയാൾ വിഗ്ഗ് ധരിച്ചാണ് പെണ്ണ് കാണാൻ വന്നത്. തനിക്ക് ചെറിയ രീതിയിലുള്ള മുടികൊഴിച്ചിൽ മാത്രമേയുള്ളൂവെന്ന് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. എന്നാൽ ഇയാൾക്ക് പൂർണ്ണമായും കഷണ്ടിയാണെന്ന കാര്യം വിവാഹത്തിന് മുൻപ് പെൺവീട്ടുകാരെ അറിയിച്ചിരുന്നില്ല.
വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതി സത്യം അറിഞ്ഞത്. ഭർത്താവ് വിഗ്ഗ് മാറ്റിയതോടെ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി ഇതിനെ ചോദ്യം ചെയ്തു. ഇതോടെ ഭർത്താവിന്റെയും വീട്ടുകാരുടെയും പെരുമാറ്റം മാറിയെന്ന് യുവതി ആരോപിക്കുന്നു.
തന്റെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഭർത്താവ്, പണം നൽകിയില്ലെങ്കിൽ അവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. കൂടാതെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ ബലമായി തട്ടിയെടുത്ത ശേഷം തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതായും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Noida,Gautam Buddha Nagar,Uttar Pradesh
