കൊള്ള തന്നെ! കർണാടക സർക്കാർ പരസ്യങ്ങളുടെ 69 ശതമാനവും കോൺഗ്രസ് പത്രമായ ‘നാഷണൽ ഹെറാൾഡി’ന്| Karnataka Government Ad Controversy National Herald Receives More Funds Than Major National Dailies | India
Last Updated:
സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട രേഖകൾ പ്രകാരം, തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ പരസ്യത്തുകയുടെ സിംഹഭാഗവും ലഭിച്ചത് നാഷണൽ ഹെറാൾഡിനാണ്
കർണാടക സർക്കാർ പരസ്യങ്ങൾക്കുള്ള തുക കോൺഗ്രസുമായി ബന്ധമുള്ള ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന് വൻതോതിൽ നൽകുന്നത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാനത്തോ രാജ്യത്തോ വലിയ പ്രചാരമില്ലാത്ത പത്രത്തിനാണ് ഇത്തരത്തിൽ തുക അനുവദിച്ചിരിക്കുന്നത്. സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട രേഖകൾ പ്രകാരം, തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ പരസ്യത്തുകയുടെ സിംഹഭാഗവും ലഭിച്ചത് നാഷണൽ ഹെറാൾഡിനാണ്. 2023-24 വർഷത്തിൽ 1.90 കോടി രൂപയും, 2024-25 വർഷത്തിൽ ഏകദേശം 99 ലക്ഷം രൂപയും പത്രത്തിന് ലഭിച്ചു.
മറ്റ് പ്രമുഖ ദേശീയ ദിനപത്രങ്ങളെക്കാൾ കൂടുതൽ പരിഗണന നാഷണൽ ഹെറാൾഡിന് നൽകിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2024-25 വർഷത്തിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ 1.42 കോടി രൂപയിൽ 69 ശതമാനവും (ഏകദേശം മൂന്നിൽ രണ്ട് ഭാഗം) നാഷണൽ ഹെറാൾഡിന് മാത്രമാണ് ലഭിച്ചത്. വലിയ പ്രചാരമുള്ള പല പത്രങ്ങൾക്കും ഇതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല. കർണാടകയിൽ പ്രചാരമില്ലാത്ത ഒരു പത്രത്തിന് എന്തിനാണ് ഇത്രയധികം നികുതിപ്പണം നൽകുന്നതെന്നാണ് വിമർശകരുടെ ചോദ്യം.
കോൺഗ്രസ് സർക്കാർ പൊതുപണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഡോ. സി എൻ അശ്വത് നാരായണൻ ഇതിനെ ‘നികുതിപ്പണത്തിന്റെ പരസ്യമായ കൊള്ള’ എന്ന് വിശേഷിപ്പിച്ചു. ഇ ഡി അന്വേഷണം നേരിടുന്ന ഒരു സ്ഥാപനത്തിന് എന്തിനാണ് പൊതുപണം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. സിദ്ധരാമയ്യ സർക്കാർ ഇതിന് മറുപടി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് നേതാക്കൾ ഈ നീക്കത്തെ ശക്തമായി ന്യായീകരിച്ചു. നാഷണൽ ഹെറാൾഡിന് പരസ്യം നൽകുന്നതിൽ എന്താണ് തെറ്റെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ചോദിച്ചു. ഈ നീക്കത്തെ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
നാഷണൽ ഹെറാൾഡ് ഒരു ‘ദേശീയ പൈതൃകം’ ആണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. സ്വാതന്ത്ര്യ സമര കാലം മുതലുള്ള ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വാദിച്ചു.
Bangalore,Karnataka
