Leading News Portal in Kerala

തിരുപ്പറംകുണ്ഡ്രം ദീപം കേസ്: ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പുസ്തകം മദ്രാസ് ഹൈക്കോടതി നിരോധിച്ചു| Madras High Court Bans Book Defaming Judge Over Thiruparankundram Deepam Case | India


Last Updated:

തിരുപ്പറംകുണ്ഡ്രത്തെ കാര്‍ത്തിക ദീപം കേസില്‍ വിധി പുറപ്പെടുവിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരേ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അപകീർത്തികരമായി പരാമര്‍ശിച്ചിരിക്കുന്നതെന്നാരോപിച്ച് അഭിഭാഷകനായ പി നവീന്‍പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്

മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണം, വില്‍പ്പന, വിതരണം എന്നിവ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. കീഴൈകാട്രു പബ്ലിഷേഴ്‌സ് എന്ന പ്രസിദ്ധീകരണത്തിനെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു. ജനുവരി എട്ടിന് ആരംഭിച്ച ചെന്നൈ പുസ്തക മേളയില്‍വെച്ച് പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു.

തിരുപ്പറംകുണ്ഡ്രത്തെ കാര്‍ത്തിക ദീപം കേസില്‍ വിധി പുറപ്പെടുവിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരേ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അപകീർത്തികരമായി പരാമര്‍ശിച്ചിരിക്കുന്നതെന്നാരോപിച്ച് അഭിഭാഷകനായ പി നവീന്‍പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

”ഹര്‍ജിയില്‍ പറയുന്ന പുസ്തകത്തിന്റെ നിര്‍ദ്ദിഷ്ട പ്രകാശനം അങ്ങേയറ്റം അപകീര്‍ത്തികരവും ദുരുപദേശപരവുമാണ്. എല്ലാ പരിധികളും അത് ലംഘിക്കുന്നു. കോടതി അത് കര്‍ശനമായി കൈകാര്യം ചെയ്യേണ്ടതുണ്ട്,” ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍ എന്നിവടങ്ങിയ ബെഞ്ച് പറഞ്ഞു.

കോടതിയെയോ ജഡ്ജിയെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രസ്താവനകള്‍, കാരിക്കേച്ചര്‍ അല്ലെങ്കില്‍ ഉള്ളടക്കങ്ങള്‍ അടങ്ങിയ ഒരു പുസ്തകവും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തമിഴ്നാട് പോലീസിനോട് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് ജനുവരി 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു.

പുസ്തകം പുറത്തിറക്കുന്നത് വിലക്കുന്ന ഉത്തരവ് കോടതിക്ക് പാസാക്കാമെന്നും സംസ്ഥാനം അത് നടപ്പിലാക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ പി എസ് രാമന്‍ വാദിച്ചു.

മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ദീപത്തൂണില്‍ (വിളക്കുകള്‍ കത്തിക്കുന്നതിനുള്ള കല്‍ത്തൂണ്‍) കാര്‍ത്തിക ദീപം തെളിയിക്കാനുള്ള തന്റെ ഉത്തരവുകള്‍ ആവര്‍ത്തിച്ച് ലംഘിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരേ ജസ്റ്റിസ് സ്വാമിനാഥന്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഭരണകക്ഷിയായ ഡിഎംകെ കഴിഞ്ഞ മാസം പ്രതിപക്ഷ എംപിമാരെ അണിനിരത്തി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇംപീച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ചിരുന്നു.‌

മലയാളം വാർത്തകൾ/ വാർത്ത/India/

തിരുപ്പറംകുണ്ഡ്രം ദീപം കേസ്: ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പുസ്തകം മദ്രാസ് ഹൈക്കോടതി നിരോധിച്ചു